റയ്പൂർ: ഛത്തീസ്ഗഡിലെ മഹസമുന്ദിൽ കുന്നിൻ മുകളിലെ ക്ഷേത്രത്തിൽ നിന്ന് താഴ്യ്ക്ക് വരികയായിരുന്ന റോപ്പ്വേ തകർന്ന് ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. റയ്പൂർ സ്വദേശിനി ആയുഷി സത്കർ (28) ആണ് മരിച്ചത്. ആയുഷിയുടെ ഭർത്താവ് ഋഷഭ് ധവ്രെ, ബന്ധുവായ ചായൻസ് ധവ്രെ, ഗോവിന്ദ് സ്വാമി, നമിത സ്വാമി, കുഷ്മിത സ്വാമി, മൻഷവി ഗോദാരിയ എന്നിവർക്കാണ് പരിക്കേറ്റത്. ഖല്ലരി മാതാ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.
കുന്നിൽ മുകളിൽ നിന്ന് തീർഥാടകരുമായി താഴേയ്ക്ക് വരികയായിരുന്ന ട്രോളിയുടെ കേബിൾ പൊട്ടിയാതാണ് അപകടത്തിന് കാരണമായത്. ഏകദേശം 300 അടി ഉയരത്തിൽ നിന്നാണ് താഴെ വീണത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു തീർഥാടകർ. അപകടസമയത്ത് മറ്റൊരു ട്രോളിയിൽ 10 യാത്രക്കാരുമായി മുകളിലേക്ക് പോകുന്നുണ്ടയാരുന്നുവെങ്കിലും കേബിൾ പൊട്ടിയ ഉടൻ തന്നെ യാത്രക്കാരെ സുരക്ഷിതരായി ബേസ് സ്റ്റേഷനിലേക്ക് എത്തിച്ചു.
അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് ഉത്തരവിട്ടു. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.



