മൈസൂരു: കോഴിക്കോട്ടു നിന്ന് ബംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. മൈസൂരു എക്സ്പ്രസ് ഹൈവേയിൽ മദ്ദൂരിനും ചന്നപട്ടണയ്ക്കും ഇടയിലായിരുന്നു അപകടം.
തിങ്കളാഴ്ച പുലർച്ചെ 4.10 നുണ്ടായ സംഭവത്തിൽ കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിർ (27) എന്നിവരാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പി.കെ. ട്രാവൽസിന്റെ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന കൂടുതൽപ്പേരും മലയാളികളാണെന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ ചന്നപട്ടണ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.



