ഇന്ത്യയിലെ നികുതിദായകർക്കും പാൻ കാർഡിന് അപേക്ഷിക്കാൻ തയ്യാറെടുക്കുന്നവർക്കും പ്രധാന വാർത്ത. 2026 ഏപ്രിൽ 1 മുതൽ പാൻ കാർഡ് അപേക്ഷാ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുന്നു. നിലവിൽ ആധാർ കാർഡ് മാത്രം ഉപയോഗിച്ച് പാൻ കാർഡിന് അപേക്ഷിക്കാമായിരുന്നുവെങ്കിൽ, പുതിയ സാമ്പത്തിക വർഷം മുതൽ ഇത് സാധ്യമാകില്ല. ആധാറിന് പുറമെ ജനനത്തീയതി തെളിയിക്കുന്ന മറ്റ് ഔദ്യോഗിക രേഖകൾ കൂടി അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ടി വരും. സുതാര്യത ഉറപ്പാക്കുന്നതിനും സാമ്പത്തിക ഇടപാടുകൾ ലഘൂകരിക്കുന്നതിനുമായാണ് പുതിയ പരിഷ്കാരങ്ങൾ.

2026 ഏപ്രിൽ 1 മുതൽ പാൻ കാർഡിനായി അപേക്ഷിക്കുന്നവർ ജനനത്തീയതി തെളിയിക്കാൻ താഴെ പറയുന്ന രേഖകളിൽ ഒന്ന് സമർപ്പിക്കേണ്ടി വരും:

* ജനന സർട്ടിഫിക്കറ്റ് (Birth Certificate)
* വോട്ടർ ഐഡി കാർഡ്
* പത്താം ക്ലാസ് സർട്ടിഫിക്കറ്റ്
* പാസ്‌പോർട്ട് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ്

2026 മാർച്ച് 31 വരെ അപേക്ഷിക്കുന്നവർക്ക് ആധാർ കാർഡ് മാത്രം ഉപയോഗിച്ച് നടപടികൾ പൂർത്തിയാക്കാം. എന്നാൽ ഏപ്രിൽ മുതൽ കൂടുതൽ കർശനമായ വെരിഫിക്കേഷൻ രീതികളാണ് ആദായനികുതി വകുപ്പ് നടപ്പിലാക്കുന്നത്.

നികുതിദായകർക്കുള്ള പുതിയ പാൻ നിയമങ്ങൾ

പുതിയ ഇൻകം ടാക്സ് നിയമങ്ങളുടെ (Income Tax Rules 2026) ഭാഗമായാണ് പാൻ കാർഡ് അപേക്ഷാ രീതികളിലും മാറ്റം വരുത്തുന്നത്. നികുതി പാലനം ലളിതമാക്കുന്നതിനൊപ്പം വലിയ സാമ്പത്തിക ഇടപാടുകൾ കൃത്യമായി നിരീക്ഷിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പഴയ പാൻ അപേക്ഷാ ഫോമുകൾക്ക് പകരം പുതിയ ഫോമുകൾ നിലവിൽ വരും.

കൂടാതെ, ചില പ്രത്യേക വിഭാഗത്തിൽപ്പെട്ട അപേക്ഷകർ കൂടുതൽ വിവരങ്ങൾ നൽകേണ്ടതായും വരും. പരിഷ്കരിച്ച ഇൻകം ടാക്സ് ആക്ടുമായി പാൻ കാർഡ് വിവരങ്ങൾ കൂടുതൽ ഒത്തുപോകുന്ന രീതിയിലാണ് ഈ മാറ്റങ്ങൾ.

സാമ്പത്തിക ഇടപാടുകളിലെ മാറ്റങ്ങൾ

വിവിധ സാമ്പത്തിക ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കുന്ന പരിധിയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്:

നിക്ഷേപവും പിൻവലിക്കലും: ഒരു വർഷം ആകെ 10 ലക്ഷം രൂപയിൽ കൂടുതൽ പണമായി നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്താൽ പാൻ നിർബന്ധം.
വസ്തു ഇടപാടുകൾ: മുൻപ് 10 ലക്ഷമായിരുന്ന പരിധി 20 ലക്ഷം രൂപയായി ഉയർത്തി. ഇതിന് മുകളിലുള്ള ഇടപാടുകൾക്ക് പാൻ വേണം.
വാഹനങ്ങൾ: 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാഹനങ്ങൾ വാങ്ങുന്നതിന് പാൻ നിർബന്ധം.
ഹോട്ടൽ ബില്ലുകൾ: 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഹോട്ടൽ പേയ്‌മെന്റുകൾക്ക് പാൻ നൽകണം.