യുഎസ്-ഇസ്രായേൽ സഖ്യവുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചില ചരക്ക് കപ്പലുകളിൽ നിന്ന് ഇറാൻ വൻതുക ഈടാക്കുന്നതായി റിപ്പോർട്ട്. ഓരോ കപ്പലിൽ നിന്നും ഏകദേശം 20 ദശലക്ഷം യുഎസ് ഡോളർ (16 കോടിയിലധികം ഇന്ത്യൻ രൂപ) വീതമാണ് ഇറാൻ ഈടാക്കുന്നതെന്ന് ഇറാനിയൻ പാർലമെന്റിലെ ദേശീയ സുരക്ഷാ സമിതി അംഗം അലാവുദ്ദീൻ ബ്രൂജെർഡിയെ ഉദ്ധരിച്ച് ലണ്ടൻ ആസ്ഥാനമായുള്ള ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു. തന്ത്രപ്രധാനമായ ഈ ജലപാതയിൽ ഇറാന്റെ അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.
“യുദ്ധത്തിന് വലിയ ചെലവുകളുണ്ട്. അതിനാൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ട്രാൻസിറ്റ് ഫീ ഈടാക്കേണ്ടത് സ്വാഭാവികമാണ്,” എന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയയിൽ സംസാരിക്കവെ ബ്രൂജെർഡി പറഞ്ഞു.
ഇറാന്റെ കരുത്താണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇറാൻ വിവിധ അന്താരാഷ്ട്ര ഉപരോധങ്ങൾ നേരിടുന്നതിനാൽ ഇത്തരം പണമിടപാടുകൾ നടത്തുന്നത് കപ്പൽ കമ്പനികൾക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും.



