സ്പെയിനിലെ ഫിലിപ്പ് ആറാമൻ രാജാവിനും ലെറ്റീസിയ രാജ്ഞിക്കും വത്തിക്കാനിൽ സ്വീകരണം നൽകി. അപ്പസ്തോലിക് കൊട്ടാരത്തിൽ ലെയോ പതിനാലാമൻ പാപ്പയുമായി സ്വകാര്യ കൂടിക്കാഴ്ച്ച നടത്തി. പരിശുദ്ധ സിംഹാസനവും സ്പെയിനും തമ്മിലുള്ള സുദൃഢമായ ബന്ധത്തെക്കുറിച്ചും മാർപാപ്പയുടെ വരാനിരിക്കുന്ന സ്പെയിൻ സന്ദർശനത്തെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചകൾ നടന്നു. ആഗോള സമാധാനത്തിനായുള്ള പ്രതിബദ്ധതയും അന്താരാഷ്ട്ര സഹവർത്തിത്വത്തിന്റെ പ്രാധാന്യവും ചർച്ചകളിൽ വിഷയമായി.
വത്തിക്കാനിലെ സന്ദർശനത്തിന് ശേഷം രാജകുടുംബം റോമിലെ പ്രസിദ്ധമായ സെന്റ് മേരി മേജർ ബസിലിക്ക സന്ദർശിച്ചു. അവിടെ വച്ച് ഫിലിപ്പ് ആറാമൻ രാജാവിന് ബസിലിക്കയുടെ ‘പ്രോട്ടോക്കാനൻ’ ‘ ( Protocanon ) എന്ന സവിശേഷ പദവി ഔദ്യോഗികമായി നൽകി ആദരിച്ചു.
നൂറ്റാണ്ടുകളായി സ്പാനിഷ് രാജകുടുംബത്തിന് സെന്റ് മേരി മേജർ ബസിലിക്കയുമായി ആഴത്തിലുള്ള ബന്ധമുണ്ട്. 1603 – ൽ ഫിലിപ്പ് മൂന്നാമൻ രാജാവിന്റെ കാലത്താണ് ഈ ബന്ധം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. സ്പാനിഷ് ജനതയുടെയും ഭരണാധികാരികളുടെയും ക്ഷേമത്തിനായി വർഷത്തിൽ മൂന്ന് തവണ പ്രത്യേക വിശുദ്ധ കുർബാനയും ഈ ബസിലിക്കയിൽ നടക്കാറുണ്ട്.



