സ്വതന്ത്രവും വ്യക്തികളെ ബഹുമാനിക്കുന്നതുമായ വാർത്താ വിനിമയം ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിനുള്ള ശക്തമായ ആയുധമാണെന്ന് ലെയോ പതിനാലാമൻ പാപ്പ. ഇറ്റാലിയൻ പൊതുമേഖലാ സംപ്രേക്ഷണ സ്ഥാപനമായ ‘റായ്’ (RAI) പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
സത്യസന്ധവും സുതാര്യവുമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് പാപ്പ ഓർമ്മിപ്പിച്ചു. വാർത്തകൾ നൽകുമ്പോൾ വ്യക്തികളുടെ അന്തസ്സിനെ മുറിപ്പെടുത്താത്ത രീതിയിലുള്ള മാന്യമായ ഭാഷാപ്രയോഗം മാധ്യമങ്ങൾ ഉറപ്പുവരുത്തണം. സംഘർഷങ്ങൾ നിറഞ്ഞ ലോകസാഹചര്യത്തിൽ, വിദ്വേഷം പടർത്തുന്നതിന് പകരം സമാധാനത്തിന്റെ സന്ദേശങ്ങൾ കൈമാറാൻ മാധ്യമങ്ങൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് പാപ്പ പറഞ്ഞു.
പൊതുജനങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ പൊതുമേഖലാ മാധ്യമങ്ങൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും പാപ്പ സംസാരിച്ചു. കപടവാർത്തകൾക്കും (Fake News) വിഭാഗീയതയ്ക്കും എതിരെ നിലകൊള്ളാനും, സത്യത്തെ അടിസ്ഥാനമാക്കിയുള്ള മാധ്യമപ്രവർത്തനം പ്രോത്സാഹിപ്പിക്കാനും പാപ്പ ആഹ്വാനം ചെയ്തു.



