ന്യൂഡൽഹി: ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കേണ്ട കൊളീജിയം സംവിധാനം, ജഡ്ജിമാരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് സുപ്രീംകോടതി ജസ്റ്റിസ് ദീപങ്കർ ദത്ത. ഒരു പൊതു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ തുറന്നുപറച്ചിൽ നടത്തിയത്.
ജഡ്ജിമാരുടെ നിയമനവും സ്ഥലംമാറ്റവും കൈകാര്യം ചെയ്യുന്ന കൊളീജിയം സംവിധാനം എല്ലാക്കാലത്തും കുറ്റമറ്റ രീതിയിലല്ല പ്രവർത്തിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യമായ കാരണങ്ങളില്ലാതെ ജഡ്ജിമാരെ സ്ഥലം മാറ്റുന്ന നടപടികൾ ജുഡീഷ്യറിയുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് എസ്. മുരളീധരനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശുപാർശ കേന്ദ്ര സർക്കാർ അവഗണിച്ചതും പിന്നീട് അത് പിൻവലിക്കേണ്ടി വന്നതും ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. അർഹരായ ജഡ്ജിമാർക്ക് അർഹമായ പരിഗണന ഉറപ്പാക്കാൻ കൊളീജിയത്തിന് സാധിക്കാതെ പോയ സന്ദർഭങ്ങളെയും അദ്ദേഹം വിമർശിച്ചു.
കൊളീജിയത്തിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ആവശ്യമാണെന്നും, ജഡ്ജിമാരുടെ സ്ഥലംമാറ്റങ്ങൾ ശിക്ഷാ നടപടിയായി മാറരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സുപ്രീം കോടതിയിലെ നിലവിലുള്ള ഒരു ജഡ്ജി തന്നെ കൊളീജിയം സംവിധാനത്തിലെ പോരായ്മകളെക്കുറിച്ച് പരസ്യമായി രംഗത്തുവന്നത് നിയമവൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.



