ആഗോളതലത്തിൽ വർധിച്ചു വരുന്ന പരിസ്ഥിതി-സാമൂഹിക പ്രതിസന്ധികളെ നേരിടാൻ ലോകരാഷ്ട്രങ്ങൾ ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. പരിസ്ഥിതി സംഘടനയായ ‘ഗ്രീൻ അക്കോർഡ്’ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. വരും തലമുറയ്ക്കായി മികച്ച ഒരു ഭാവി ഉറപ്പാക്കാൻ ‘നമ്മുടെ പൊതുവായ ഭവനത്തെ’ (Common Home) സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു.
ലോകം ഇന്ന് നേരിടുന്ന പരിസ്ഥിതി തകർച്ചയും സാമൂഹിക അസമത്വങ്ങളും പരസ്പരബന്ധിതമാണെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. ഇവയെ കേവലം രാഷ്ട്രീയമോ സാമ്പത്തികമോ ആയ പ്രശ്നങ്ങളായി കാണാതെ, മാനുഷികമായ കാഴ്ചപ്പാടോടെ സമീപിക്കണം. അതേസമയം എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വികസന മാതൃകകൾ നടപ്പിലാക്കാനും പാപ്പ ആഹ്വാനം ചെയ്തു.
“പ്രകൃതി നേരിടുന്ന ചൂഷണങ്ങൾ അവസാനിപ്പിക്കണം. ഭൂമിയുടെയും പാവപ്പെട്ടവരുടെയും നിലവിളി കേൾക്കാൻ ഭരണാധികാരികൾ തയ്യാറാകണം. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിൽ മാധ്യമപ്രവർത്തകർക്ക് വലിയ പങ്കുണ്ട്. സത്യസന്ധവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമപ്രവർത്തനം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യങ്ങൾ ഒറ്റപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് പകരം ആഗോളതലത്തിൽ സഹകരിച്ച് പ്രവർത്തിക്കണം.” പാപ്പ പറഞ്ഞു.
നമ്മുടെ ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നും, പരിസ്ഥിതി സൗഹൃദമായ ഒരു സംസ്കാരം വളർത്തിയെടുക്കാൻ ഓരോ വ്യക്തിയും കടപ്പെട്ടിരിക്കുന്നുവെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.



