ചണ്ഡിഗഡ്: പഞ്ചാബ് ഗതാഗത മന്ത്രി ലാൽജിത് സിംഗ് ഭുള്ളർ രാജിവച്ചു. അമൃത്സറിലെ വെയർഹൗസ് കോർപ്പറേഷൻ മാനേജരുടെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് നടപടി.
നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കാൻ ഭുള്ളറിനോട് മുഖ്യമന്ത്രി ഭഗവന്ത് മൻ രാജി ആവശ്യപ്പെടുകയായിരുന്നു. വെയർഹൗസ് കോർപ്പറേഷൻ മാനേജർ ഗഗൻദീപ് സിംഗ് രൺധാവ വിഷവസ്തു കഴിച്ച് വെള്ളിയാഴ്ച ആത്മഹത്യ ചെയ്തിരുന്നു.
മരണത്തിന് മുമ്പ് താൻ വിഷം കഴിച്ചുവെന്നും മന്ത്രി ലാൽജിത്തിനെ പേടിയുണ്ടെന്നും തനിക്ക് ഇനി രക്ഷപ്പെടേണ്ടെന്നും രൺധാവ പറയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
10 ലക്ഷം കൈക്കൂലി വാങ്ങാൻ രൺധാവക്ക് മേൽ സമ്മർദം ഉണ്ടായിരുന്നതായി പ്രതിപക്ഷ നേതാവ് ബിക്രം സിംഗ് മജീതിയ ആരോപിച്ചു. മന്ത്രിയുടെ സഹായിക്ക് ടെൻഡർ നൽകാൻ ഉദ്യോഗസ്ഥന് മേൽ സമ്മർദമുണ്ടായിരുന്നു. എന്നാൽ നിയമപ്രകാരം ടെൻഡർ നൽകിയതിനെത്തുടർന്ന് മന്ത്രിയുടെ അടുത്തേക്ക് വിളിപ്പിച്ച് ആക്രമിക്കുകയും വീഡിയോ റിക്കാർഡ് ചെയ്യാൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. എന്നാൽ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നാണ് ഭുള്ളർ പറഞ്ഞു.



