ആധുനികലോകത്തെ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളും ക്രിസ്തീയ വിവാഹജീവിതത്തിന്റെ പ്രാധാന്യവും ചർച്ച ചെയ്യുന്നതിനായി വത്തിക്കാനിൽ ആഗോള മെത്രാൻസംഗമം നടക്കും. ഫ്രാൻസിസ് മാർപാപ്പയുടെ വിഖ്യാതമായ ‘അമോറിസ് ലെത്തീസ്യ’ (സ്നേഹത്തിന്റെ ആനന്ദം) എന്ന അപ്പസ്തോലിക പ്രബോധനത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ലെയോ പതിനാലാമൻ മാർപാപ്പ സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്.

2026 ഒക്ടോബറിൽ വത്തിക്കാനിൽ നടക്കുന്ന സമ്മേളനത്തിലേക്ക് ലോകമെമ്പാടുമുള്ള കത്തോലിക്കാ ബിഷപ്സ് കോൺഫറൻസ് അധ്യക്ഷന്മാരെ മാർപാപ്പ ക്ഷണിച്ചു. 2016 ൽ ഫ്രാൻസിസ് മാർപാപ്പ പുറത്തിറക്കിയ കുടുംബങ്ങളെക്കുറിച്ചുള്ള രേഖ ഇന്നും പ്രസക്തമാണെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. ഇതിന്റെ പത്താം വാർഷിക ദിനമായ മാർച്ച് 19 നാണ് പുതിയ സമ്മേളനപ്രഖ്യാപനം ഉണ്ടായത്. വിവാഹജീവിതത്തിന്റെ സൗന്ദര്യം പുതിയ തലമുറയ്ക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. കുടുംബം സമൂഹത്തിന്റെ അടിസ്ഥാനമാണെന്നും അത് ദൈവത്തിന്റെ ദാനമാണെന്നും പാപ്പ സന്ദേശത്തിൽ വ്യക്തമാക്കി.

പത്ത് വർഷം മുമ്പുള്ളതിനേക്കാൾ വേഗത്തിൽ ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ദാരിദ്ര്യം, അക്രമം, അസ്ഥിരത തുടങ്ങിയവ കുടുംബങ്ങളെ ബാധിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ സഭയുടെ പ്രത്യേക കരുതലുണ്ടാകണമെന്ന് മാർപാപ്പ നിർദേശിച്ചു. പ്രാദേശിക സഭകളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും പരസ്പര ശ്രവണത്തിലൂടെയും ആത്മീയവിവേചനത്തിലൂടെയും മുന്നോട്ടുള്ള വഴികൾ കണ്ടെത്താനും ഒക്ടോബറിലെ സംഗമം വേദിയാകും.

വിവാഹജീവിതത്തിലെ പോരായ്മകളെയും തകർച്ചകളെയും കരുണയോടെ സമീപിക്കണമെന്നും കുടുംബങ്ങളുടെ സുവിശേഷം ലോകത്തോട് വിളിച്ചുപറയാൻ വിശ്വാസികൾ തയ്യാറാകണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. വി. യൗസേപ്പിതാവിന്റെ മധ്യസ്ഥതയ്ക്ക് ഈ പ്രയാണത്തെ സമർപ്പിച്ചുകൊണ്ടാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.