നൈജീരിയൻ കത്തോലിക്കാ മെത്രാൻ സമിതി (CBCN) വത്തിക്കാനിലെത്തി ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണങ്ങൾ, തട്ടിക്കൊണ്ടുപോകൽ, കൊലപാതകങ്ങൾ എന്നിവ നൈജീരിയയിൽ നിത്യസംഭവമായി മാറിയിരിക്കുകയാണ്. വൈദികരും സന്യസ്തരും ഉൾപ്പെടെയുള്ളവർ നിരന്തരം ആക്രമിക്കപ്പെടുന്ന സാഹചര്യം മെത്രാന്മാർ വിശദീകരിച്ചു.

രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ അതീവ ഗുരുതരമാണെന്നും അടിയന്തര ഇടപെടൽ ആവശ്യമാണെന്നും മെത്രാന്മാർ മാർപാപ്പയെ അറിയിച്ചു. ‘അദ് ലിമിന’ (Ad Limina) സന്ദർശനത്തിന്റെ ഭാഗമായാണ് നൈജീരിയയിലെ മെത്രാന്മാർ വത്തിക്കാനിലെത്തിയത്. രാജ്യത്തെ ക്രമസമാധാന നില തകർന്നതായും പട്ടിണി രൂക്ഷമായതായും അവർ സന്ദേശത്തിൽ വ്യക്തമാക്കി. രാജ്യത്തെ പണപ്പെരുപ്പവും തൊഴിലില്ലായ്മയും ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാനാകാതെ ജനങ്ങൾ വലയുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ ഭരണകൂടം പരാജയപ്പെട്ടതായി മെത്രാന്മാർ വിമർശിച്ചു. അഴിമതിയും ഭരണപരമായ പാളിച്ചകളും പ്രതിസന്ധി വർധിപ്പിക്കുന്നു. നൈജീരിയൻ ജനതയുടെ വേദനയിൽ പങ്കുചേരുന്നതായി മാർപാപ്പ അറിയിച്ചു. സഭയുടെ പ്രാർഥനയും പിന്തുണയും അവർക്കൊപ്പമുണ്ടാകുമെന്ന് പാപ്പ ഉറപ്പുനൽകി.