ചെയര്‍മാന്റെ അപ്രതീക്ഷിത രാജിയെത്തുടര്‍ന്ന് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികളില്‍ വന്‍ ഇടിവ് തുടരുന്നതായി റിപ്പോർട്ട്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഓഹരി വിപണിയില്‍ ബാങ്കിന് തിരിച്ചടി നേരിടുന്നത്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ ബാങ്കിന്റെ ഓഹരി വില 1.7 ശതമാനം ഇടിഞ്ഞ് 784.75 രൂപയിലെത്തി. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് വിലയായ 800 രൂപയില്‍ നിന്നാണ് ഈ ഇടിവ് രേഖപ്പെടുത്തിയത്.

അതേസമയം മൊത്തത്തില്‍ വിപണി ശക്തമായി മുന്നേറിയ ദിവസമായിട്ടും ബാങ്കിന് അതിന്റെ ഗുണം ലഭിച്ചില്ല. സെന്‍സെക്‌സ് 709 പോയിന്റ് ഉയര്‍ന്ന് 74,916 എന്ന നിലയിലും നിഫ്റ്റി 0.95 ശതമാനം ഉയര്‍ന്ന് 23,221 എന്ന നിലയിലുമായിരുന്നു വ്യാപാരം. എന്നിട്ടും നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട ഓഹരികളില്‍ ഒന്നായി എച്ച്ഡിഎഫ്സി ബാങ്ക് മാറി.

ഓഹരി വിപണിയില്‍ ആശങ്ക പടരുന്നതിനിടെ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ചില ആശ്വാസം നല്‍കി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബാങ്കിന്റെ പ്രവര്‍ത്തനത്തിലോ ഭരണത്തിലോ നിലവില്‍ വലിയ ആശങ്ക വേണ്ട സാഹചര്യമില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. തുടര്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി കെ. കെ. മിസ്ത്രിയെ മൂന്ന് മാസത്തേക്ക് ഇടക്കാല പാര്‍ട്ട് ടൈം ചെയര്‍മാനായി നിയമിക്കാന്‍ അനുമതി നല്‍കിയതും വിപണിക്ക് ചെറിയ ആത്മവിശ്വാസം നല്‍കി.