2020-ലെ വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതിയായ ആക്ടിവിസ്റ്റ് ഷർജീൽ ഇമാം ജയിലിൽ നിന്ന് പുറത്തിറങ്ങി. ആറ് വർഷത്തെ തടവ് ജീവിതത്തിന് ശേഷം വെള്ളിയാഴ്ചയാണ് 10 ദിവസത്തെ ഇടക്കാല ജാമ്യത്തിൽ ഷർജീൽ ഇമാം പുറത്തിറങ്ങിയത്. സഹോദരൻ്റെ വിവാഹത്തിൽ പങ്കെടുക്കാനും അസുഖബാധിതയായ മാതാവിനെ പരിചരിക്കാനുമായി മാർച്ച് 20 മുതൽ മാർച്ച് 30 വരെയാണ് ഡൽഹി കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

തിഹാർ ജയിലിലെ മൂന്നാം നമ്പർ ഗേറ്റിലൂടെ പുറത്തിറങ്ങിയ ഷർജീൽ ഇമാമിനെ വാഹനത്തിൽ സുഹൃത്തുക്കൾ കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ജനുവരിയിൽ ഷർജീൽ ഇമാമിനും സഹഗൂഢാലോചനക്കാരനെന്ന് ആരോപിക്കപ്പെടുന്ന ഉമർ ഖാലിദിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചിരുന്നു. കലാപത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് കാണിക്കുന്ന പ്രാഥമിക തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ടെന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്.