ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റ് ഓരോ ആഴ്ച അടച്ചിടുമ്പോഴും, സിഡ്നി നഗരത്തിലെ വീടുകൾക്ക് ഒരു വർഷം മുഴുവൻ പ്രവർത്തിക്കാൻ ആവശ്യമായ ഊർജത്തിന് തുല്യമായ അളവാണ് ലോകത്തിന് നഷ്ടമാകുന്നത്. ഈ തടസം വരും വർഷങ്ങളിൽ ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയിലാണ് ലോകം.
പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം കടുക്കുന്നത് ആഗോളതലത്തിൽ അതിരൂക്ഷമായ പ്രകൃതിവാതക പ്രതിസന്ധിക്ക് കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഖത്തറിലെ പ്രധാന എൽഎൻജി പ്ലാന്റുകൾക്ക് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണവും ലോകത്തെ ‘ഡൂംസ്ഡേ’ അഥവാ അന്ത്യദിനത്തിന് സമാനമായ ഗ്യാസ് പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് റിപ്പോർട്ടുകൾ.
ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ ‘റാസ് ലഫാൻ’ പ്ലാന്റിന് നേരെ ആക്രമണമുണ്ടായാൽ അത് ആഗോള വാതക വിപണിയെ തകിടം മറിക്കും. യൂറോപ്പിലേക്കും ഏഷ്യയിലേക്കും ഒഴുകുന്ന ഇന്ധനത്തിന്റെ പ്രധാന സ്രോതസാണിത്. ഇവിടെയാണ് കഴിഞ്ഞ ദിവസം ഇറാൻ ആക്രമണം നടത്തിയത്.



