കണ്ണൂർ: തളിപ്പറമ്പിൽ യുഡിഎഫ് പിന്തുണയ്ക്കുന്ന ടി.കെ. ഗോവിന്ദനെതിരേ യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും വിമത നീക്കം. ഗോവിന്ദനെതിരേ കെപിസിസി അംഗം കൊയ്യം ജനാർദനൻ ശനിയാഴ്ച പത്രിക നല്‍കും. തളിപ്പറമ്പ് താലൂക്ക് ഓഫീസിലാണ് പത്രിക നല്‍കുക.
ഒമ്പത് വർഷം യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റായും പത്ത് വർഷം ഡിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ച കൊയ്യം ജനാർദനൻ പത്ത് വർഷം ചെങ്ങളായി ഗ്രാമപഞ്ചായത്ത് മെമ്പറായും അഞ്ച് വർഷം തളിപ്പറമ്പ് ബ്ലോക്ക്പഞ്ചായത്ത് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.
സിപിഎമ്മില്‍ നിന്നും പുറത്തുവന്ന ടി.കെ. ഗോവിന്ദനെ യുഡിഎഫ് പിന്തുണക്കരുതെന്ന പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് താൻ മത്സരിക്കുന്നതെന്ന് കൊയ്യം ജനാർദനൻ ദീപികയോട് പറഞ്ഞു.
ഇതിനിടെ, ടി.കെ. ഗോവിന്ദനെതിരേ മത്സരിക്കുമെന്ന നിലപാടുമായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനും രംഗത്ത് എത്തിയിരിക്കുകയാണ്. സിപിഎം വിട്ടുവരുന്നവരെ കോൺഗ്രസ് സ്ഥാനാർഥികളായി അംഗീകരിക്കാൻ കഴിയില്ലെന്ന് കഴിഞ്ഞദിവസം വിജിൽ മോഹൻ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് മത്സരിക്കാനുള്ള നീക്കം നടക്കുന്നത്.
മത്സരസാധ്യത തള്ളിക്കളയുന്നില്ലെന്നും ചർച്ച നടന്നുവരികയാണെന്നും വിജിൽ മോഹൻ ദീപികയോട് വ്യക്തമാക്കി. ഇതിനിടെ, യൂത്ത് കോൺഗ്രസിനെ അനുനയിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.



