തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ കോൺഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്. കണ്ണൂരിൽ കെ സുധാകരനും കോന്നി അടൂര്‍ പ്രകാശിനും സീറ്റ് ഇല്ല. പെരുമ്പാവൂരില്‍ സിറ്റിങ് എംഎൽഎയായ എൽദോസ് കുന്നപ്പിള്ളിക്കും ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു. രണ്ട് പേരുകൾ ഉയർന്ന് കേട്ട മണ്ഡലങ്ങളിൽ ഒന്നായ കൊച്ചിയിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മത്സരിക്കും. രണ്ടാംഘട്ട സ്ഥാനാർത്ഥിയില്‍ ഒറ്റ വനിത സ്ഥാനാര്‍ത്ഥികള്‍ പോലുമില്ല എന്നതും ശ്രദ്ധേയമാണ്. ആദ്യ ഘട്ട പട്ടികയിൽ ഉൾപ്പെട്ട 9 സ്ത്രീകൾ മാത്രമാണ് കോണ്‍ഗ്രസിന്‍റെ വനിത സ്ഥാനാര്‍ത്ഥികളായിട്ടുള്ളത്.
ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം അവഗണിച്ച് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വെല്ലുവിളിച്ച കെ സുധാകരന്‍ എംപി ഒടുവില്‍ പാര്‍ട്ടിക്ക് കീഴടങ്ങി. കണ്ണൂരില്‍ കെ സുധാകരന് പകരം ടിഒ മോഹനന്‍ ആണ് സ്ഥാനാര്‍ത്ഥി. കോന്നിയില്‍ അടൂര്‍ പ്രകാശിന് പകരം സതീഷ് കൊച്ചുപറമ്പിലും എൽദോസ് കുന്നപ്പിള്ളിക്ക് പകരം മനോജ് മൂത്തേടനും മത്സരിക്കും. നിയമസഭ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന കര്‍ശന നിലപാട് ആദ്യം വ്യക്തമാക്കിയത് സംസ്ഥാന നേതൃത്വമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും, രാഹുല്‍ ഗാന്ധിയും പിന്തുണച്ചു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കണ്ണൂരില്‍ തന്നെ മത്സരിക്കുമെന്ന് സുധാകരന്‍ വെല്ലുവിളിച്ചു. പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി ഫേസ്ബുക്ക് പോസ്റ്റിലൂടെയും പ്രതിഷേധിച്ചു. വീണ്ടും ദില്ലിയിലെത്തിയ സുധാകരന്‍ നേതാക്കള്‍ ചര്‍ച്ചക്ക് വിളിക്കുമെന്ന് പ്രതീക്ഷിച്ച് ഫ്ലാറ്റില്‍ കാത്തിരുന്നു.തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഭീഷണി മുഴക്കി. എന്നാല്‍ കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് സമിതിയില്‍ സുധാകരന്‍റെ മോഹം പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തന്നെ വെട്ടി. ഒരു അനുനയവും വേണ്ടെന്ന് സംസ്ഥാന നേതൃത്വത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധിയും നിലപാട് കടുപ്പിക്കുകയായിരുന്നു.



