തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ ആഘോഷിക്കും. ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. പരപ്പനങ്ങാടിയിൽ മാസപ്പിറവി കണ്ടു. റമദാനിലെ 29 ദിവസം നീണ്ട വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷം ഇസ്‌ലാംമത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. വിശ്വാസികൾ ഇനി ആഘോഷത്തിന്റെ തിരക്കിലേക്ക് കടക്കുകയാണ്. പള്ളികളിൽ നാളെ രാവിലെ പെരുന്നാൾ നിസ്കാരം നടക്കും. പുത്തൻ വസ്ത്രങ്ങളണിഞ്ഞും ദാനധർമ്മങ്ങൾ നിർവ്വഹിച്ചും പരസ്പരം ആശംസകൾ കൈമാറിയും വിശ്വാസികൾ ഈ ദിനത്തെ വരവേൽക്കും. 

വ്രതശുദ്ധിയുടെ പുണ്യവുമായി നാളെ ചെറിയ പെരുന്നാള്‍. റംസാന്‍ 29 പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ഈദുള്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. പള്ളികളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കുചേരും. സ്നേഹത്തിന്റെയും കൂടിച്ചേരലുകളുടേയും ആഘോഷം കൂടിയാണ് ചെറിയ പെരുന്നാള്‍. കൈകളില്‍ മൈലാഞ്ചിച്ചോപ്പണിഞ്ഞും പുതു വസ്ത്രങ്ങള്‍ അണിഞ്ഞും സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിച്ചും നാളത്തെ ദിവസം വിശ്വാസികള്‍ സമ്പന്നമാക്കും. നാളെ പള്ളികളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കുചേരും. നമസ്കാരത്തിന് പണ്ഡിതന്‍മാരും ഇമാമുമാരും നേതൃത്വം നല്‍കും. ശേഷം പെരുന്നാള്‍ പ്രഭാഷണം നടക്കും. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള പ്രാര്‍ത്ഥനകളും ഐകൃദാര്‍ഡ്യവും കൂടിയാണ് ചെറിയ പെരുന്നാള്‍.