ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദപാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തമിഴ്നാടിന് മുകളിലായി കേരളത്തോട് ചേര്‍ന്നാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. മന്നാര്‍ കടലിടുക്ക് മുതല്‍ തമിഴ്നാട് വഴി തെക്കന്‍ കര്‍ണാടകയുടെ ഉള്‍ഭാഗം വരെ ന്യൂനമര്‍ദപാത്തിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് മഴ ലഭിക്കുക എന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.



