ന്യൂഡൽഹി: പൈപ്പ് വഴിയുള്ള പ്രകൃതിവാതകം (പിഎൻജി) നൽകുന്നതിനുള്ള ക്രമീകരണങ്ങൾ വേഗത്തിലാക്കുന്ന സംസ്ഥാനങ്ങൾക്ക് പത്തു ശതമാനം കൂടുതൽ വാണിജ്യ എൽപിജി നൽകുമെന്ന് കേന്ദ്രസർക്കാർ.
പശ്ചിമേഷ്യൻ സംഘർഷം മൂലം എൽപിജി പ്രതിസന്ധി മൂന്നാമത്തെ ആഴ്ചയിലേക്കു കടക്കുന്പോഴാണ് എൽപിജി ഉപയോക്താക്കൾ പിഎൻജിയിലേക്കു ചുവട് മാറ്റുന്നതിനായി കേന്ദ്രം പുതിയ തന്ത്രം ആവിഷ്കരിച്ചിരിക്കുന്നത്.
ഇതുസംബന്ധിച്ച കത്ത് സംസ്ഥാനങ്ങൾക്കു നൽകിയിട്ടുണ്ടെന്ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി വ്യക്തമാക്കി.
പൈപ്പുകളിലൂടെ പ്രകൃതിവാതകം അടുക്കളകളിലേക്ക് എത്തിക്കുന്ന സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സിജിഡി) സംവിധാനം എവിടെയൊക്കെയുണ്ടോ അവിടങ്ങളിലെല്ലാം തന്നെ ഉപയോക്താക്കൾ എൽപിജിയിൽനിന്ന് പിഎൻജിയിലേക്കു മാറാൻ ശ്രമിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം.
പിഎൻജിയിലേക്കു മാറാനുള്ള തീർപ്പുകൽപ്പിക്കാത്ത അപേക്ഷകൾക്ക് വേഗം അനുമതി നൽകുക, പുതിയ അപേക്ഷകൾ 24 മണിക്കൂറിനുള്ളിൽ തീർപ്പാക്കുക, പാട്ടത്തിനു കുറഞ്ഞ പണം ഈടാക്കുക തുടങ്ങിയ നിർണായക പരിഷ്കാരങ്ങൾ നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്കാണ് അധികമായി വാണിജ്യ എൽപിജി നൽകുന്നത്.
അതേസമയം എൽപിജി വിതരണരംഗത്ത് വെല്ലുവിളികളുണ്ടെങ്കിലും എൽപിജി സ്റ്റോക്ക് ഉണ്ടെന്നാണു പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി അറിയിച്ചത്.
എൽപിജിക്കു പകരക്കാരനാകാൻ പിഎൻജി
സാധാരണ ഇന്ത്യൻ കുടുംബത്തിലെ പ്രധാന പാചകവാതകം എൽപിജിയാണെങ്കിലും പിഎൻജി പതിയെ എൽപിജിയുടെ പകരക്കാരനായി കളംപിടിക്കുന്നുണ്ട്.
പൈപ്പിലൂടെ അടുക്കളകളിലേക്കു പാചകവാതകമെത്തിക്കുന്ന പിഎൻജി സംവിധാനം പ്രധാനമായും നഗരങ്ങളിലാണെങ്കിലും ഉപകാരങ്ങൾ പലതാണ്. എൽപിജിപോലെ നേരത്തേ ബുക്ക് ചെയ്തു പാചകവാതകം എത്തിക്കുന്നതിനു പകരം പൈപ്പിലൂടെ തുടർച്ചയായെത്തുന്ന പാചകവാതകം വൈദ്യുതി പോലെതന്നെ ഉപയോഗിക്കുന്നതിനനുസരിച്ചാണ് പണം നൽകേണ്ടത്.
ഇന്ത്യയിൽ ഉപയോഗിക്കുന്ന പിഎൻജിയുടെ 50 ശതമാനത്തോളം ആഭ്യന്തരമായാണ് ഉത്പാദിപ്പിക്കുന്നത് എന്നതിനാൽ യുദ്ധസമാന സാഹചര്യങ്ങൾ വരുന്പോൾ പിഎൻജി ഉപയോക്താക്കൾക്ക് എൽപിജി ഉപയോക്താക്കളുമായി താരതമ്യം ചെയ്യുന്പോൾ ആശങ്കപ്പെടേണ്ട ആവശ്യമില്ല.
ഈ കാരണങ്ങൾ കൊണ്ടുതന്നെയാണ് രാജ്യത്തെ പിഎൻജി ഉപഭോഗം വർധിപ്പിക്കാൻ കേന്ദ്രം തന്ത്രം ആലോചിക്കുന്നതും.



