കൊ​ച്ചി: വ​ന്ദേ​ഭാ​ര​ത് എ​ക്സി​പ്ര​സ് ട്രെ​യി​നിനു നേ​രെ ക​ല്ലെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ 18 കാ​ര​ൻ അ​റ​സ്റ്റി​ൽ. പ്ര​ണ​യ​ബ​ന്ധം ത​ക​ർ​ന്ന​തി​ന്‍റെ നി​രാ​ശ​യി​ലാ​ണ് ട്രെ​യി​നിനു ക​ല്ലെ​റി​ഞ്ഞ​തെ​ന്നാ​ണ് പ്ര​തി​യു​ടെ മൊ​ഴി.

മാ​ർ​ച്ച് ഏ​ഴി​ന് രാ​ത്രി 7.10 ഓ​ടെ​യാ​ണ് ആ​ലു​വ​യ്ക്കും അ​ങ്ക​മാ​ലി​ക്കു​മി​ടെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ലാ​പു​രം വ​ന്ദേ​ഭാ​ര​ത് ക​ട​ന്നു പോ​കു​മ്പോ​ഴാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. സി 9 ​കോ​ച്ചി​ന്‍റെ ജ​നാ​ല​യു​ടെ ലാ​മി​നേ​റ്റ​ഡ് ചി​ല്ലി​ന് നേ​രി​യ പോ​റ​ലു​ണ്ടാ​യി​ട്ടു​ണ്ട്.

കാ​മു​കി​യു​മാ​യി വേ​ർ​പി​രി​ഞ്ഞ ദുഃ​ഖ​ത്തി​ൽ ട്രാ​ക്കിനു സ​മീ​പം ഇ​രി​ക്കു​മ്പോ​ഴാ​ണ് ട്രെ​യി​ൻ വ​രു​ന്ന​ത് ക​ണ്ട​ത്. മൂന്നു ത​വ​ണ ക​ല്ലെ​റി​ഞ്ഞു. ഒ​രെ​ണ്ണ​മാ​ണ് കൊ​ണ്ട​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വ​ന്ദേ​ഭാ​ര​തി​ന്‍റെ കോ​ച്ചിനു പു​റ​ത്തു​ള്ള കാ​മ​റ​യി​ൽനിന്നു കി​ട്ടി​യെ​ങ്കി​ലും ക​ല്ലെ​റി​യു​ന്ന ആ​ളെ വ്യ​ക്ത​മാ​യി​രു​ന്നി​ല്ല.

ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ൽ സ്ഥി​ര​മാ​യി ട്രാ​ക്കിനു സ​മീ​പം വ​രാ​റു​ള്ള​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് 18കാ​ര​ൻ കു​ടു​ങ്ങി​യ​ത്. ര​ണ്ടാ​ഴ്ച നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ആ​ലു​വ അ​ക​പ്പ​റ​മ്പ് ഭാ​ഗത്തുനിന്നു പ്ര​തി​യെ ആ​ർ​പി​എ​ഫ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ന്ന​ത്.