2026 ലെ ഈസ്റ്റർ ആഘോഷങ്ങൾ ഹോങ്കോങ്ങിലെ കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നിമിഷമാകുന്നു. ഹോങ്കോങ്ങിൽ ഈസ്റ്റർ ദിനത്തിൽ 2,500 പേർ മാമ്മോദീസ സ്വീകരിക്കുമെന്ന് സഭാവൃത്തങ്ങൾ അറിയിച്ചു. വിവിധ പ്രായത്തിലുള്ളവരും ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുമാണ് ഈ വർഷം മാമ്മോദീസ സ്വീകരിക്കാൻ തയ്യാറെടുക്കുന്നത്. കഴിഞ്ഞ കുറച്ച്  വർഷങ്ങളായി ഹോങ്കോങ്ങിൽ കത്തോലിക്കാ വിശ്വാസത്തിലേക്ക് വരുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. കഠിനമായ ആത്മീയപഠനത്തിനും ഒരുക്കങ്ങൾക്കും ശേഷമാണ് ഇവർ ജ്ഞാനസ്നാനത്തിനായി ഒരുങ്ങുന്നത്.

സാമൂഹികവും രാഷ്ട്രീയവുമായ ഒട്ടേറെ വെല്ലുവിളികൾക്കിടയിലും ഹോങ്കോങ്ങിലെ സഭ ആത്മീയമായി കരുത്താർജിക്കുന്നു എന്നതിന്റെ തെളിവാണ് ഹോങ്കോങിലേത്. സഭ നൽകുന്ന സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം അവിടത്തെ ജനങ്ങളെ ആകർഷിക്കുന്നുണ്ടെന്ന് സഭാനേതൃത്വം വിലയിരുത്തുന്നു. ജ്ഞാനസ്നാനം സ്വീകരിക്കുന്നവരിൽ വലിയൊരു ഭാഗം യുവാക്കളാണെന്നത് സഭയുടെ ഭാവിക്ക് വലിയ പ്രതീക്ഷ നൽകുന്നു.

ഇടവകകൾ കേന്ദ്രീകരിച്ച് മാസങ്ങൾ നീണ്ട പ്രാർഥനയിലൂടെയും ക്ലാസുകളിലൂടെയുമാണ് ഇവർ വിശ്വാസം സ്വീകരിക്കാൻ തയ്യാറെടുക്കുന്നത്. ഈസ്റ്റർ രാത്രിയിൽ നടക്കുന്ന പ്രത്യേക തിരുക്കർമ്മങ്ങളിൽ വച്ചാണ് ഭൂരിഭാഗം പേരും സ്നാനമേൽക്കുക. വിദ്യാഭ്യാസ, ജീവകാരുണ്യമേഖലകളിൽ ഹോങ്കോങ്ങിലെ സഭ നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ സഭയുടെ വിശ്വാസ്യത വർധിപ്പിച്ചു.