കൊച്ചി: തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിലാണ്. ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കുറച്ച് ദിവസങ്ങള്‍ മാത്രം പ്രചാരണത്തിന് ലഭിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. വിവാദങ്ങളും ഗ്രൂപ്പ് തര്‍ക്കങ്ങളും അടക്കം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
ഇതിനിടെ കളം പിടിക്കാന്‍ ഒരുങ്ങുകയാണ് താര സ്ഥാനാര്‍ഥികള്‍. മലയാളത്തിലെ ബിഗ് എമ്മുകള്‍ പണ്ടേ രാഷട്രീയത്തോട് നോ പറഞ്ഞെങ്കിലും സുരേഷ് ഗോപി, ഗണേഷ് കുമാര്‍ അടക്കം നിരവധി മുന്‍നിര താരങ്ങള്‍ ഇന്നും പ്രധാന പദവികള്‍ വഹിച്ച് സംസ്ഥാന, കേന്ദ്ര രാഷ്ട്രീയത്തില്‍ സജീവമാണ്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും മാറ്റുരയ്ക്കാന്‍ നിരവധി താരങ്ങളാണ് എത്തുന്നത്.
ഗണേഷ് കുമാര്‍
നിലവിലെ ഗതാഗത മന്ത്രിയായ ഗണേഷ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വീണ്ടും ജനവിധി തേടി ഇറങ്ങിയിരിക്കുകയാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെ ആറാം അങ്കത്തിനാണ് ഗണേഷ് കുമാര്‍ എത്തുന്നത്. വിവാദങ്ങളൊക്കെയും വെറും കുടുംബ പ്രശ്‌നങ്ങള്‍ മാത്രമായി ഒതുക്കിയ ശേഷം കരുത്തുറ്റ പ്രചാരണമാണ് പത്തനാപുരത്ത് ഗണേഷ് കുമാര്‍ നടത്തുന്നത്.
താന്‍ നടത്തിയ വികസനങ്ങളുടെ കണക്ക് എണ്ണിപ്പറഞ്ഞു കൊണ്ട് തന്നെയാണ് ഗണേഷിന്‍റെ പ്രചാരണ പര്യടനങ്ങളും. കെ.ജി. ജോര്‍ജിന്‍റെ ഇരകള്‍ ആയിരുന്നു ഗണേഷ് കുമാറിന്‍റെ കരിയര്‍ വഴിത്തിരിവ്. ആദ്യ സിനിമയില്‍ തന്നെ നിരൂപക പ്രശംസ നേടി ശ്രദ്ധയാകാര്‍ഷിച്ച നടന്‍ വില്ലനായും ഹാസ്യ താരമായും 250ല്‍ അധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്‍റും ട്രഷററും ആയിരുന്നു. ടെലിവിഷന്‍ സംഘടനയായ ആത്മയുടെ പ്രസിഡന്‍റുമായിരുന്നു. 2001ല്‍ ആണ് കേരള കോണ്‍ഗ്രസ് – ബി ടിക്കറ്റില്‍ മത്സരിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി ഗണേഷ് കുമാര്‍ മാറിയത്. തുടര്‍ന്ന് തുടര്‍ച്ചയായി നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും (2006, 2011, 2016, 2021) ഗണേഷ് കുമാര്‍ പത്തനാപുരത്ത് നിന്നു വിജയിച്ചു കേറി. അതിനാല്‍ തന്നെ ആവേശത്തോടെയാണ് അടുത്ത അങ്കവും. ജ്യോതികുമാര്‍ ചാമക്കാല ആണ് പത്തനാപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
മേജര്‍ രവി
പാര്‍ട്ടി പദവികള്‍ വേണ്ടെന്നും മത്സരിക്കാനില്ലെന്നും പറഞ്ഞൊഴിഞ്ഞു നടന്ന സംവിധായകന്‍ മേജര്‍ രവി ഇന്ന് ഒറ്റപ്പാലത്ത് പ്രചാരണച്ചൂടിലാണ്. കഴിഞ്ഞ വര്‍ഷം വരെ മത്സരിക്കാനില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ മേജര്‍ രവി ഒറ്റപ്പാലത്ത് എന്‍ഡിഎ ടിക്കറ്റിലാണ് ജനവിധി തേടുന്നത്. സിനിമയില്‍ സൈനിക സംബന്ധമായ സഹായങ്ങള്‍ ചെയ്തു കൊടുത്തു കൊണ്ടായിരുന്നു മേജര്‍ രവിയുടെ ചലച്ചിത്ര പ്രവേശം.
1999ല്‍ മേഘം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. 2006ല്‍ സംവിധാനം ചെയ്ത കീര്‍ത്തിചക്ര വന്‍ വിജയമായതോടെയാണ് മേജര്‍ രവി മലയാള സിനിമയിലെ ശക്തി കേന്ദ്രമാകുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഒറ്റപ്പാലത്തെ ബിജെപി കേന്ദ്രങ്ങളില്‍ മേജര്‍ രവി എത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ആദ്യം തന്നെ മേജര്‍ രവി ഇടം പിടിച്ചു. അഡ്വ. കെ. പ്രേംകുമാര്‍ ആണ് ഒറ്റപ്പാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫ് വിട്ട പി.കെ. ശശി സ്വതന്ത്രനായി ഒറ്റപ്പാലത്ത് മത്സരിക്കാനും സാധ്യതയുണ്ട്.
രമേഷ് പിഷാരടി
പാലക്കാട് ജയിച്ചാല്‍ മമ്മൂക്കയെ കൊണ്ടുവരും എന്നാണ് രമേഷ് പിഷാരടിയുടെ ആദ്യ പ്രഖ്യാപനം. യുഡിഎഫ് ടിക്കറ്റില്‍ കന്നിയങ്കത്തിന് ഇറങ്ങുകയാണ് രമേഷ് പിഷാരടി. മിമിക്രി ലോകത്ത് നിന്നാണ് രമേഷ് പിഷാരടി മലയാള സിനിമയില്‍ എത്തിയത്. 2008ല്‍ പുറത്തിറങ്ങിയ പോസിറ്റീവ് ആണ് ആദ്യ സിനിമ.
പിഷാരടിയുടെ സിനിമകളേക്കാള്‍ പ്രേക്ഷകര്‍ക്ക് പ്രിയം നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കൊപ്പമുള്ള കോമഡി ഷോകളാണ്. വ്യക്തി ജീവിതത്തില്‍ഒുപാട് സീരിയസ് ആയ പിഷാരടി, സുഹൃത്ത് ധര്‍മജന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ താര പ്രചാരകനായി. രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി പാലക്കാടും പ്രചാരണത്തിന് എത്തി. ഒടുവില്‍ പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയുമായി. ശോഭ സുരേന്ദ്രന്‍ ആണ് പാലക്കാട് ബിജെപി സ്ഥാനാര്‍ഥി.
ട്വന്‍റി20
താരനിബിഡമാണ് ട്വന്‍റി20യുടെ സ്ഥാനാര്‍ഥിപ്പട്ടിക. അഖില്‍ മാരാര്‍, അഞ്ജലി നായര്‍, ലക്ഷ്മിപ്രിയ, വീണ നായര്‍ എന്നിവരാണ് സ്ഥാനാര്‍ഥി പട്ടികയിലെ താരങ്ങള്‍. ഏവരുടെയും കന്നിയങ്കം. ഏറ്റവും കൂടുതല്‍ താരങ്ങള്‍ മത്സരിക്കുന്നതും ട്വന്‍റി20യുടെ ടിക്കറ്റില്‍ നിന്നു തന്നെ.
എന്‍ഡിഎയുടെ സഖ്യകക്ഷിയായി മാറിയ ശേഷമുള്ള ട്വന്‍റി20യുടെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. സംവിധായകനും മുന്‍ ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാരുടെ സ്ഥാനാര്‍ഥിത്വമാണ് ചെയര്‍മാന്‍ സാബു ജേക്കബ് ആദ്യം പ്രഖ്യാപിച്ചത്.
അഖില്‍ മാരാര്‍
തൃക്കാക്കര മണ്ഡലത്തിലാണ് അഖില്‍ മാരാര്‍ മത്സരത്തിന് ഒരുങ്ങുന്നത്. കോണ്‍ഗ്രസ് കോട്ടയായ തൃക്കാക്കര അഖില്‍ മാരാരിലൂടെ എന്‍ഡിഎ നേടും എന്നാണ് സാബു ജേക്കബിന്‍റെ പ്രതീക്ഷ. ഫെബ്രുവരിയിലാണ് അഖില്‍ മാരാര്‍ ട്വന്‍റി20യില്‍ എത്തിയത്. കൊട്ടാരക്കരയില്‍ മത്സരിക്കുമെന്ന് ആയിരുന്നു വിവരമെങ്കിലും തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.
2021ല്‍ പുറത്തിറങ്ങിയ ഒരു താത്വിക അവലോകനം എന്ന സിനിമയിലൂടെയാണ് സംവിധായകനായി അഖില്‍ അരങ്ങേറ്റം കുറിച്ചത്. സംസ്ഥാന, കേന്ദ്ര രാഷ്ട്രീയത്തെ നിരന്തരം വിമര്‍ശിച്ചു കൊണ്ടിരുന്ന അഖില്‍ ബിഗ് ബോസില്‍ എത്തിയതോടെയാണ് ജനപ്രിയനായത്. തൃക്കാക്കരയില്‍ അഡ്വ. പുഷ്പ ദാസ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഉമ തോമസ് ആണ് യുഡിഎഫ് സ്ഥാനാര്‍ഥി.
അഞ്ജലി നായര്‍
ബിജെപിക്ക് സ്വാധീനുമുള്ള തൃപ്പൂണിത്തുറ മണ്ഡലത്തിലാണ് അഞ്ജലി നായര്‍ ജനവിധി തേടുന്നത്. താന്‍ രാഷ്ട്രീയക്കാരിയായി കാണണമെന്ന് അച്ഛന്‍ ആഗ്രഹിച്ചിരുന്നു. അച്ഛന്റെ ആഗ്രഹം പാലിക്കാനായാണ് മത്സരിക്കുന്നത് എന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപന വേളയില്‍ അഞ്ജലി പറഞ്ഞത്.
1994ല്‍ മാനത്തെ വെള്ളിത്തേര് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അഞ്ജലി 18 വര്‍ഷമായി സിനിമയില്‍ സജീവമാണ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ നേടിയ നടി ദൃശ്യം 2 സിനിമയിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ഗണപതി ഹോമം നടത്തിക്കൊണ്ട് പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു. തൃപ്പൂണിത്തുറയില്‍ കെ.എൻ. ഉണ്ണികൃഷ്ണന്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
ലക്ഷ്മിപ്രിയ
പെരുമ്പാവൂരിലാണ് നടി ലക്ഷ്മിപ്രിയ ജനവിധി തേടുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി ബിജെപി വേദികളിലെ സ്ഥിരം സാന്നിധ്യമായ ലക്ഷ്മിപ്രിയ പെരുമ്പാവൂരിന്‍റെ എല്ലാ പ്രശ്‌നങ്ങളും തനിക്ക് അറിയാം എന്നാണ് പറയുന്നത്. പലതവണ നടി ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം ഉണ്ടായെങ്കിലും അത് നടന്നില്ല. ഒടുവില്‍ സഖ്യകക്ഷിയായ ട്വന്‍റി20യുടെ സ്ഥാനാര്‍ഥിയായി.
താരസംഘടനയായ “അമ്മ’യുടെ വൈസ് പ്രസിഡന്‍റ് ആണ് നിലവില്‍ ലക്ഷ്മിപ്രിയ. 2005ല്‍ മോഹന്‍ലാലിന്‍റെ നരന്‍ എന്ന സിനിമയിലൂടെയാണ് ലക്ഷ്മിപ്രിയ മലയാള സിനിമയില്‍ എത്തുന്നത്. ചെറുതും വലുതുമായ ഒരുപാട് വേഷങ്ങളുമായി നടി ബിഗ് സ്‌ക്രീനില്‍ നിറഞ്ഞു. ബിഗ് ബോസ് സീസണ്‍ 4ലൂടെയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്‌നേഹവും ലക്ഷ്മിപ്രിയ നേടുന്നത്. ഈ സ്‌നേഹം വോട്ട് ആകുമോ എന്നാണ് ചര്‍ച്ചകള്‍.
വീണ നായര്‍
നടി വീണ നായര്‍ ആണ് ട്വന്‍റി20യുടെ മറ്റൊരു താര സ്ഥാനാര്‍ഥി. ഏറ്റുമാനൂരിലാണ് വീണ മത്സരിക്കുന്നത്. വി.എന്‍. വാസവന്‍, സുരേഷ് കുറുപ്പ് തുടങ്ങിയവര്‍ വിജയിച്ചു കയറി വന്ന മണ്ഡലമാണ് ഏറ്റുമാനൂര്‍.
പഠനകാലത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകയായിരുന്നു വീണ. 2014ല്‍ പുറത്തിറങ്ങിയ വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് വീണ സിനിമാരംഗത്ത് എത്തിയത്. സീരിയലുകളിലും ബിഗ് ബോസ് അടക്കമുള്ള റിയാലിറ്റി ഷോകളിലും വീണ സജീവമായിരുന്നു. ഒരു റാഡിക്കല്‍ ചിന്താഗതിയാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഏറ്റുമാനൂരില്‍ വി.എന്‍. വാസവന്‍ തന്നെയാണ് ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
പ്രോമി കുര്യാക്കോസ്
റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പ്രോമി കുര്യാക്കോസും ട്വന്‍റി20 ടിക്കറ്റില്‍ നിന്നും ജനവിധി തേടുകയാണ്. അങ്കമാലിയില്‍ നിന്നാണ് പ്രോമിയുടെ മത്സരം. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രോമി ശ്രദ്ധ നേടുന്നത്. നടി നിത പ്രോമിയാണ് ഭാര്യ.
അവതാരകയും സിനിമ-സീരിയല്‍ താരവുമാണ് നിത. അങ്കമാലിക്കാരനായ പ്രോമി മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. അങ്കമാലിയില്‍ അഡ്വ. സാജു പോള്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. റോജി എം ജോണ്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ഥി.
തെരഞ്ഞെടുപ്പ് ആവേശത്തിലാണ് കേരളം. എല്ലാ പാര്‍ട്ടികളും മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ആവേശം മുറുകും. അഭിനേതാക്കളെ ഇഷ്ടപ്പെട്ട് വോട്ട് ചെയ്യുന്നുവരുണ്ട്. എന്നാല്‍ പാടേ തള്ളിക്കളുന്നവും കുറവില്ല. ആര് വാഴും ആര് വീഴും എന്നറിയാനുള്ള കാത്തിരിപ്പാണ് ഇനി ബാക്കി.



