കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന കോട്ടയം മുട്ടുചിറ കാളിപറമ്പ് കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകള്‍ ഡോ. വന്ദന ദാസ് (23) 2023 മേയ് 10ന് പുലര്‍ച്ചെയാണ് കുത്തേറ്റു മരിച്ചത്.
ചികിത്സയ്ക്കായി പൂയപ്പള്ളി പോലീസ് താലൂക്ക് ആശുപത്രിയിലെത്തിച്ച കൊല്ലം നെടുമ്പന എല്‍പി സ്കൂള്‍ അധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം സ്വദേശി സന്ദീപ് (44) അക്രമാസക്തനായി ആശുപത്രിയിലെ സര്‍ജിക്കല്‍ കത്തി ഉപയോഗിച്ചാണ് ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്. വീട്ടിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു കാലിനു പരുക്കേറ്റ കുടുവട്ടൂര്‍ സ്വദേശി സന്ദീപിനെ വൈദ്യ പരിശോധനയ്ക്കായി പോലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
ഡ്രസിംഗ് റൂമില്‍ മുറിവ് കെട്ടുന്നതിനിടെ അപ്രതീക്ഷിതമായി അക്രമാസക്തനായ പ്രതി മുന്നില്‍ കണ്ട സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി പോലീസുകാരെയും കൂടെയുണ്ടായിരുന്നയാളെയും ആക്രമിച്ചു. ഭീതിയില്‍ എല്ലാവരും ഓടി മാറി.
പക്ഷേ ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസിന് അവിടെനിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഡ്രസിംഗ് റൂമില്‍നിന്നു പുറത്തേക്കോടാന്‍ ശ്രമിച്ച വന്ദനയെ പ്രതി തടഞ്ഞു. അവസാനം, നെഞ്ചിലും കഴുത്തിലും മുതുകിലുമായി പലതവണ കുത്തി. ജീവനുവേണ്ടി പോരാടിയ യുവ ഡോക്ടര്‍ ഒടുവില്‍ മരണത്തിനു കീഴടങ്ങി.
സങ്കീര്‍ണമായിരുന്നു കേസ് അന്വേഷണമെന്നും എന്നാല്‍, സാധ്യമായ എല്ലാ തെളിവുകളും ശേഖരിക്കാന്‍ കഴിഞ്ഞുവെന്നും കോടതിയില്‍ തെളിയിക്കാനായെന്നും അതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും കേസന്വേഷണത്തില്‍ ഒപ്പം നിന്നവരോട് നന്ദിയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമാക്കി. കുറ്റപത്രത്തിലെ വാദങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞെന്നും കനത്ത ശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കല്‍ പറഞ്ഞു.
ഒരു യുവ ഡോക്ടറുടെ പ്രതീക്ഷയും സ്വപ്നങ്ങളും
കൊല്ലം: ഒരു കുടുംബത്തിന്റെ പ്രതീക്ഷയും ഒരു യുവ ഡോക്ടറുടെ സ്വപ്നങ്ങളും പൊലിഞ്ഞു പോയതു ഒരു നിമിഷംകൊണ്ടാണ്. പാവപ്പെട്ടവർക്കുവേണ്ടി ശുശ്രൂഷാരംഗത്തു ജീവിക്കണമെന്ന് ആഗ്രഹിച്ച ഡോക്ടറായിരുന്നു വന്ദന.
പാവപ്പെട്ട രോഗികളെ ശുശ്രൂഷിച്ച് അതിൽ സന്തോഷം കണ്ടെത്തണമെന്നു പലപ്പോഴും മാതാപിതാക്കളോടു പറയുമായിരുന്നു. എന്നാൽ കുടുംബവഴക്കിനെ തുടര്‍ന്ന് കാലിനു പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പ്രതി സന്ദീപിന്റെ കത്തിയിൽ ആ ജീവൻ പിടഞ്ഞുവീണു.
സാധാരണക്കാരെ ചികിത്സിക്കാൻ തൃക്കുന്നപ്പുഴയിൽ ഒരു ക്ലിനിക് പണിയണമെന്ന ഡോ. വന്ദനദാസിന്റെ ആഗ്രഹം വന്ദന മരിച്ച് ഒരു വർഷത്തിനുശേഷം സഫലമായി. അതിനായി ഉപയോഗിക്കുന്നത് ഡോ. വന്ദനയുടെ വിവാഹച്ചെലവുകൾക്കായി മാതാപിതാക്കൾ കരുതിവച്ച പണവും. തൃക്കുന്നപ്പുഴയിൽ വസന്തകുമാരിക്കു കുടുംബ ഓഹരി ലഭിച്ച സ്ഥലത്താണു ക്ലിനിക് നിർമിച്ചത്. “ഡോ. വന്ദനദാസ് മെമ്മോറിയൽ ക്ലിനിക്’ എന്ന പേരിലാണ് ഇതുപ്രവർത്തിക്കുന്നത്.
പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷ:വന്ദനയുടെ പിതാവ്
പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നു വന്ദനയുടെ പിതാവ് കെ.ജി. മോഹന്‍ദാസ് വിധി വരുന്നതിന് മുന്‍പ് പ്രതികരിച്ചിരുന്നു. ശിക്ഷ സംബന്ധിച്ചുള്ള വാദം കോടതിയില്‍ നടന്ന ശേഷമായിരിക്കും ഏതു തരത്തിലുള്ള ശിക്ഷയാണ് പ്രതിക്ക് നല്‍കേണ്ടത് എന്നതില്‍ അന്തിമ തീരുമാനം ഉണ്ടാവുക. ശിക്ഷ വരട്ടെന്നും അദ്ദേഹം പറഞ്ഞു.
മറക്കില്ലൊരിക്കലും:സ്നേഹസ്മാരകമായി ഡോ.വന്ദന ദാസ് ബ്ലോക്ക്
കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ നാടിന്റെ നോവിന്റെ സ്മാരകമായി ഡോ.വന്ദനദാസ് ബ്ലോക്ക്. ആശുപത്രിയിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന് സംസ്ഥാന സർക്കാർ ഡോ. വന്ദനദാസ് മെമ്മോറിയൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്ന് നാമകരണം ചെയ്തു. അത്യാഹിത വിഭാഗത്തിനു മുന്നിൽ മനസ് പൊള്ളുന്ന ഓർമയുമായി ഡോ. വന്ദനയുടെ ചിത്രവും ഉണ്ട്.



