ഇന്ത്യയിലെ വിമാനയാത്രക്കാർക്ക് ആശ്വാസ നടപടിയുമായി പുതിയ നിർദ്ദേശം. യാത്രക്കാർക്ക് ഇനി മുതൽ വിമാനത്തിലെ 60 ശതമാനം സീറ്റുകളും അധിക പണം നൽകാതെ തിരഞ്ഞെടുക്കാം. സീറ്റ് സെലക്ഷന്റെ പേരിലുള്ള അധിക നിരക്കുകൾ കുറയ്ക്കുന്നതിനായാണ് ഈ നീക്കം. ഇതോടെ ടിക്കറ്റ് നിരക്കിന് പുറമെയുള്ള അധിക ബാധ്യതകളിൽ നിന്ന് യാത്രക്കാർക്ക് വലിയൊരു ആശ്വാസം ലഭിക്കും. സീറ്റ് തെരഞ്ഞെടുക്കുന്നതിനും മറ്റുമായി വിമാനക്കമ്പനികൾ ഈടാക്കുന്ന അധിക നിരക്കുകൾ നിയന്ത്രിക്കാനും യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും സർക്കാർ കർശന നടപടികളാണ് സ്വീകരിച്ച് വരുന്നത്.

ഏതൊരു വിമാനത്തിലും കുറഞ്ഞത് 60 ശതമാാനം സീറ്റുകളെങ്കിലും യാതൊരു അധിക നിരക്കുകളുമില്ലാതെ യാത്രക്കാർക്ക് തെരഞ്ഞെടുക്കാൻ മാറ്റിവെക്കണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം എയർലൈൻ ഓപ്പറേറ്റർമാരോട് നിർദ്ദേശിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ)  വഴിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വിമാനയാത്ര കൂടുതൽ സുതാര്യവുമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.