കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജനായി സേവനം ചെയ്യുന്നതിനിടെ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടിട്ട് മൂന്നു വർഷമാകുന്നു. ഏകമകളുടെ വേർപാടു തീർത്ത ശൂന്യതയിൽനിന്ന്, മാതാപിതാക്കളായ മുട്ടുചിറ നമ്പിച്ചിറക്കാലായിൽ മോഹൻദാസും വസന്തകുമാരിയും ഇതുവരെയും മോചിതരായിട്ടില്ല.

2023 മേയ് 10നു രാവിലെ ഏഴോടെയാണ് മോഹൻദാസിന്‍റെ ഫോണിലേക്കു നടുക്കുന്ന വാർത്തയെത്തിയത്. മകൾക്ക് അപകടം പറ്റിയെന്നായിരുന്നു സന്ദേശം. ആശുപത്രിയിൽ എത്തിയപ്പോൾ മകളുടെ മൃതദേഹമാണു കാണാനായത്. സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റു വന്ദന മരിച്ചെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

മകളുടെ മരണത്തിൽ ഒരുപാട് ദുരൂഹതകളുണ്ടെന്നും എല്ലാ പുറത്തുകൊണ്ടുവരുമെന്നുമാണ് ആദ്യം മോഹൻദാസ് പറഞ്ഞത്. മകളുടെ ഓർമയ്ക്കായി ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്പിൽ ക്ലിനിക് സ്ഥാപിച്ചു. മകളുടെ സ്മരണയിൽ ഡോ. വന്ദന ദാസ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു. രോഗികൾക്കു ചികിത്സാസഹായവും അർഹരായവർക്കു വിദ്യാഭ്യാസസഹായവും നൽകാനാണു പദ്ധതി.

സാധാരണക്കാരെ ചികിത്സിക്കാൻ തൃക്കുന്നപ്പുഴയിൽ ഒരു ക്ലിനിക് പണിയണമെന്ന ഡോ. വന്ദന ദാസിന്‍റെ ആഗ്രഹം വന്ദന മരിച്ച് ഒരു വർഷത്തിനുശേഷം സഫലമായി. അതിനായി ഉപയോഗിക്കുന്നത് ഡോ. വന്ദനയുടെ വിവാഹച്ചെലവുകൾക്കായി മാതാപിതാക്കൾ കരുതി വച്ച പണവും.

തൃക്കുന്നപ്പുഴയിൽ വസന്തകുമാരിക്കു കുടുംബ ഓഹരി ലഭിച്ച സ്ഥലത്താണു ക്ലിനിക് നിർമിച്ചത്. ‘ഡോ. വന്ദനദാസ് മെമ്മോറിയൽ ക്ലിനിക്’ എന്ന പേരിലാണ് ക്ലിനിക് പ്രവർത്തിക്കുന്നത്.


ചെറുപ്പം മുതലേ കടുത്തുരുത്തിയിലെ സ്വന്തം വീട്ടിൽ നിന്ന് അമ്മയുടെ വീടായ തൃക്കുന്നപ്പുഴയിലേക്കു പോകാൻ ഡോ. വന്ദനയ്ക്കു താൽപര്യമുണ്ടായിരുന്നെന്ന് അമ്മ വസന്തകുമാരി പറയുന്നു.

പുഴയരികിൽ ഇരുന്നു ചൂണ്ടയിട്ടു മീൻ പിടിക്കാനുമൊക്കെ ഏറെ താൽപര്യമായിരുന്നു. ഇവിടെ സാധാരണക്കാരാണെന്നും അവരെ ചികിത്സിക്കാൻ ഒരു ക്ലിനിക്ക് പണിയണമെന്നും ഡോ. വന്ദന മാതാപിതാക്കളോട് ആഗ്രഹം പറഞ്ഞിരുന്നു.

ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും സൗജന്യ സേവനം നടത്താനായിരുന്നു ഉദ്ദേശ്യം. എന്നാൽ അതിനൊന്നും അവസരം നൽകാതെ മകൾ കൊല്ലപ്പെട്ടു. അവളെ നാളെയും ഓർമിക്കാനായി, മകളുടെ ആഗ്രഹ പ്രകാരം ക്ലിനിക്ക് നിർമിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും വസന്തകുമാരി പറഞ്ഞു.

മറക്കില്ലൊരിക്കലും: സ്നേഹസ്മാരകമായി ഡോ.വന്ദന ദാസ് ബ്ലോക്ക്

കൊട്ടാരക്കര: ∙ താലൂക്ക് ആശുപത്രിയിൽ നാടിന്‍റെ നോവിന്‍റെ സ്മാരകമായി ഡോ.വന്ദനദാസ് ബ്ലോക്ക്. ആശുപത്രിയിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന് സംസ്ഥാന സർക്കാർ ഡോ.വന്ദനദാസ് മെമ്മോറിയൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്ന നാമകരണം ചെയ്തു.
അത്യാഹിത വിഭാഗത്തിന് മുന്നിൽ മനസ് പൊള്ളുന്ന ഓർമയുമായി ഡോ.വന്ദനയുടെ ചിത്രവും ഉണ്ട്.