യുദ്ധത്തെയും അക്രമത്തെയും ന്യായീകരിക്കാൻ ദൈവനാമം ഉപയോഗിക്കരുതെന്ന് ഓർമ്മിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. റോമിലെ പൊന്തേ മാമ്മോളോയിലുള്ള സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ഇടവക സന്ദർശിച്ച് സംസാരിക്കുകയായിരുന്നു പാപ്പ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സായുധപോരാട്ടങ്ങളിൽ മാർപാപ്പ ആശങ്ക രേഖപ്പെടുത്തി. പ്രശ്നപരിഹാരത്തിന് യുദ്ധമല്ല, മറിച്ച് ചർച്ചകളാണ് ആവശ്യമെന്നും പാപ്പ പറഞ്ഞു.
അന്ധനായ മനുഷ്യനെ യേശു സുഖപ്പെടുത്തിയ ബൈബിൾഭാഗം ഉദ്ധരിച്ചുകൊണ്ട്, മറ്റുള്ളവരെ മുൻവിധികളോടെ കാണരുതെന്ന് പാപ്പ പറഞ്ഞു. കഷ്ടത അനുഭവിക്കുന്നവരെ മാറ്റിനിർത്തുന്ന രീതി ഉപേക്ഷിക്കണമെന്നു പറഞ്ഞ പാപ്പാ, ദരിദ്രർക്കും തടവുകാർക്കും കുടിയേറ്റക്കാർക്കും ഇടവക നൽകുന്ന പിന്തുണയെ അഭിനന്ദിച്ചു. സ്നേഹപ്രവൃത്തികൾ തടയാൻ ഒരു നിയമത്തിനും കഴിയില്ലെന്നും പാപ്പ വ്യക്തമാക്കി. ക്രിസ്തീയവിശ്വാസികൾ പ്രാർഥനയിലൂടെയും കാരുണ്യത്തിലൂടെയും ലോകത്തിന് പ്രത്യാശയുടെ അടയാളമായി മാറണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.



