ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ നിലപാട് മാറ്റം വന്നതിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഹാജരാകുന്ന നിയമ പ്രതിനിധിയെ മാറ്റിയതായി റിപ്പോർട്ട്. ഇതുവരെ ബോർഡിന് വേണ്ടി വാദിച്ചിരുന്ന സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദിയെ മാറ്റി, അദ്ദേഹത്തിന് പകരം അഭിഷേക് മനു സിംഗ്‌വിയെ നിയമിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാടുമായി ബന്ധപ്പെട്ടാണ് ഈ മാറ്റമെന്നാണ് സൂചന. മുൻപ് പുനഃപരിശോധന ഹർജിയുമായി ബന്ധപ്പെട്ട നടപടികളിൽ പ്രയാർ ഗോപാലകൃഷ്ണൻ വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത് അഭിഷേക് മനു സിംഗ്‌വിയായിരുന്നു.

അതേസമയം കേസുമായി ബന്ധപ്പെട്ട വാദങ്ങൾ സമർപ്പിക്കാൻ കക്ഷികൾക്ക് സുപ്രീംകോടതി കൂടുതൽ സമയം അനുവദിച്ചു. ഭരണഘടന ബെഞ്ചിന് മുമ്പാകെ വാദങ്ങൾ സമർപ്പിക്കാൻ സമയം വേണമെന്ന് ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതി ഈ മാസം 23 വരെ സമയം നീട്ടി നൽകിയത്.