എഡിജിപി എംആർ അജിത് കുമാറിന് പുതിയ പദവി. ബെവ്കോ എംഡി ആയിട്ടാണ് പുതിയ നിയമനം. ഇന്നലെയാണ് എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ പദവിയിൽ നിന്ന് നീക്കിയത്. കേഡർ തസ്തികകളിൽ ഐ.എ.എസ്. ഉദ്യോഗസ്ഥരെയേ നിയമിക്കാവൂവെന്ന കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഉത്തരവ് കണക്കിലെടുത്താണ് സർക്കാരിന്റെ നടപടി. ഉത്തരവിന് കാരണമായ ഹര്‍ജി നല്‍കിയ മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥൻ ബി അശോകിനെ അപ്രധാന വകുപ്പുകളിലേക്കും മാറ്റിയിട്ടുണ്ട്.
സൈനിക ക്ഷേമം, സ്പോർട്സ് ആന്‍റ് യൂത്ത് അഫയേഴ്സ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് അശോകിനെ സ്ഥലം മാറ്റിയത്. കേഡർ തസ്തികകളിൽ ഐ എ എസ് ഉദ്യോഗസ്ഥർ അല്ലാത്തവരെ നിയമിച്ചത് ചോദ്യം ചെയ്താണ് ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷനും ബി അശോകും കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. കേഡർ തസ്തികകളിൽ നിലവിൽ തുടരുന്ന ഐ.എ.എസ്. ഇല്ലാത്തവർ സ്ഥാനമൊഴിയണമെന്നും ട്രിബ്യൂണലിന്‍റെ ഉത്തരവിലുണ്ട്. ഇതോടെയാണ് എം ആർ അജിത് കുമാറിന് സ്ഥാനം നഷ്ടപ്പെട്ടത്.



