കാസർഗോഡ്: ബേക്കൽ ബീച്ചിൽ വേടന്റെ സംഗീതനിശയ്ക്കിടെ ട്രെയിൻതട്ടി മരിച്ച വിദ്യാർഥിയുടെ മാതാപിതാക്കൾ ജീവനൊടുക്കിയ നിലയിൽ.
പൊയിനാച്ചിയിലെ റിയ ട്രാവൽസ് ഉടമ വേണുഗോപാലൻ നായർ (55), ഭാര്യ സ്മിത (45) എന്നിവരെയാണ് പൊയിനാച്ചി പറമ്പയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരുടെ ഏക മകൻ മംഗളൂരുവിൽ എൻജിനിയറിംഗ് വിദ്യാർഥിയായിരുന്ന ശിവനന്ദ് (19) ഡിസംബർ 29ന് രാത്രിയാണ് ബേക്കൽഫോർട്ട് റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മരിച്ചത്. വേടന്റെ സംഗീതനിശ നടക്കുന്ന ബേക്കൽ ബീച്ച് പാർക്കിലേക്കു പോകുന്നതിനായി റെയിൽപാത മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം.
ഏകമകന്റെ മരണത്തിനുശേഷം ഇരുവരും മാനസികമായി തകർന്ന നിലയിലായിരുന്നു. ഇവരെ ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചപ്പോൾ അനുഭവിച്ച നിസഹായാവസ്ഥ അടുത്തിടെ ഒരു അഭിമുഖ പരിപാടിക്കിടെ വേടൻ പങ്കുവച്ചിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും കൗൺസലിംഗ് വിദഗ്ധരുടെ സഹായത്തോടെ ഇവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുകയായിരുന്നു.
ശിവനന്ദിന്റെ മരണത്തിനു ശേഷം സ്മിതയുടെ അമ്മ ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച ഇവർ സ്വന്തം വീട്ടിലേക്കു പോയിരുന്നു.
ഇന്നലെ രാവിലെ ഏറെ വൈകിയിട്ടും വീടിന്റെ മുൻവാതിൽ തുറന്നുകാണാതിരുന്നതിനാൽ അയൽവാസികൾ വന്നു നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മേൽപ്പറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരുടെയും ആത്മഹത്യാക്കുറിപ്പും വീടിനുള്ളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.



