അമ്പലപ്പുഴ: സിപിഎം വിട്ട മുൻ മന്ത്രി ജി. സുധാകരന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം. മുൻപ് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിൽ പ്രധാന ചുമതല തനിക്കായിരുന്നുവെന്നും അന്ന് ജി.സുധാകരന് താൻ ഉത്തമനായ കമ്മ്യൂണിസ്റ്റായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സുധാകരന്റെ കൂടെയുണ്ടായിരുന്നപ്പോൾ ഞാൻ നല്ല കമ്മ്യൂണിസ്റ്റായിരുന്നുവെന്നും, അദ്ദേഹത്തിന് ഞാൻ കമ്മ്യൂണിസ്റ്റ് അല്ലാതായത് എംഎൽഎ ആയതോടെയാണെന്നും എച്ച്. സലാം പറഞ്ഞു. സുധാകരനെതിരെ പോസ്റ്റർ ഒട്ടിക്കാനോ ബാനർ വെക്കാനോ താൻ പോയിട്ടില്ലെന്നും അത് തന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്നും സലാം വ്യക്തമാക്കി.
മത്സരിക്കാൻ ഇറങ്ങുമ്പോൾ എന്തെങ്കിലും പറയണ്ടേ എന്നത് കൊണ്ടാണ് സുധാകരൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സലാം പരിഹസിച്ചു. “അർദ്ധരാത്രി സൂര്യൻ ഉദിച്ചാൽ മക്കളുടെ ഗുണമറിയാം” എന്ന വി. സാമ്പശിവന്റെ കഥാപ്രസംഗത്തിലെ വരികൾ ഉദ്ധരിച്ചാണ് സലാം സുധാകരനെതിരെ ആഞ്ഞടിച്ചത്.
സുധാകരന്റെ പുതിയ രാഷ്ട്രീയ നീക്കങ്ങൾക്കും മത്സരത്തിനുമൊന്നും രാഷ്ട്രീയമായ അടിത്തറയില്ലെന്നും ഇപ്പോൾ കാണിക്കുന്നതെല്ലാം ഒരു അടിത്തറയുണ്ടാക്കാനുള്ള വ്യഗ്രത മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



