പാക് താരത്തെ ലേലത്തിലെടുത്ത കാവ്യാ മാരന്‍ ‘എയറി’ല്‍; . പക്ഷെ അബ്രാർ മാത്രമല്ല, ഉസ്മാന്‍ താരിഖ് മുതൽ മുഹമ്മദ് ആമിർ വരെ, ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസികളിൽ വേറെയും പാക് താരങ്ങൾ.

ഇംഗ്ലണ്ടിലെ ‘ദി ഹണ്ട്രഡ്’ താര ലേലത്തിൽ പാകിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദിനെ സൺറൈസേഴ്സ് ലീഡ്‌സ് സ്വന്തമാക്കിയ വാർത്ത പുറത്തുവന്നതിന് പിന്നാലെ സൈബർ ഇടങ്ങളിൽ ഉൾപ്പെടെ വലിയ വിമർശനം ആണ് ഇന്ത്യയിൽ നിന്ന് ഉയരുന്നത്.സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ ഉടമകളായ സൺ ഗ്രൂപ്പ് അബ്രാറിനെ ടീമിലെടുത്തതിനെതിരെയാണ് വിമർശനവും പ്രതിഷേധവും. കാവ്യാമാരന് നേരെയാണ് വന്‍ സൈബര്‍ ആക്രമണം.താരലേലത്തില്‍ സണ്‍റൈസേഴ്സ് സിഇഒ കാവ്യാമാരന്‍ പങ്കെടുക്കുന്നതിന്‍റെ ചിത്രങ്ങള്‍ കൂടി പുറത്ത് വന്നതോടെയാണ് വ്യാപക വിമര്‍ശനവും സൈബര്‍ ആക്രമണവും ആരംഭിച്ചത്. പിന്നാലെ സണ്‍റൈഴ്സ് ലീഡ്സിന്‍റെ എക്സ് ഹാന്‍ഡില്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തത്. അതേസമയം ഏത് ചട്ടമാണ് ലംഘിച്ചതെന്ന് എക്സ് വ്യക്തമാക്കിയിട്ടില്ല.

എന്നാൽ, ഇന്ത്യൻ ഉടമസ്ഥതയിലുള്ള വിദേശ ലീഗ് ടീമുകളിൽ പാക് താരങ്ങൾ കളിക്കുന്നത് ഇതാദ്യമായല്ല.ഷാരൂഖ് ഖാൻ, ജൂഹി ചൗള, ജയ് മേത്ത എന്നിവരുടെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ സഹോദര ഫ്രാഞ്ചൈസിയായ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സില്‍ രണ്ട് പാക് താരങ്ങളാണ് കളിക്കുന്നത്. പാക് പേസറായ മുഹമ്മദ് ആമിറും ലോകകപ്പില്‍ വിചിത്രമായ ആക്ഷന്‍റെ പേരില്‍ ശ്രദ്ധേയനായ ഉസ്മാൻ താരിഖും.അമേരിക്കയിലെ മേജർ ലീഗ് ക്രിക്കറ്റിലാകട്ടെ ഐപിഎല്‍ ടീമായ ഡൽഹി ക്യാപിറ്റൽസിന്‍റെ സഹോദര ഫ്രാഞ്ചൈസിയായ സിയാറ്റിൽ ഓർക്കാസില്‍ മുൻ പാക് താരം ഇമാദ് വസീം കളിക്കുന്നുണ്ട്. 2023-24 സീസണിൽ കെകെആർ ഉടമസ്ഥതയിലുള്ള അബുദാബി നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയും ഇമാദ് കളിച്ചിട്ടുണ്ട് മുംബൈ ഇന്ത്യൻസ് ഉടമസ്ഥതതയിലുള്ള എംഐ എമിറേറ്റ്‌സിൽ ഐഎൽടി20-യിൽ പാക് താരം ഉസ്മാൻ ഖാൻ കളിക്കുന്നുണ്ട്. സൺറൈസേഴ്സ് ലീഡ്‌സ് ഏകദേശം 2.34 കോടി രൂപയ്ക്കാണ് (190,000 പൗണ്ട്) അബ്രാറിനെ സ്വന്തമാക്കിയത്. അബ്രാറിനെ കൂടാതെ ഉസ്മാൻ താരിഖ് 1.7 കോടി രൂപയ്ക്ക് (140,000 പൗണ്ട്) ബർമിംഗ്ഹാം ഫീനിക്സിലെത്തി. അതേസമയം സയിം അയൂബ്, ഹാരിസ് റൗഫ്, ഷദാബ് ഖാൻ തുടങ്ങിയ പ്രമുഖ താരങ്ങളെ ലേലത്തിൽ ആരും വാങ്ങിയില്ല.നേരത്തെ ‘നോർത്തേൺ സൂപ്പർ ചാർജേഴ്സ്’ എന്ന് അറിയപ്പെട്ടിരുന്ന ടീമിനെ സൺ ഗ്രൂപ്പ് ഏറ്റെടുത്തതോടെയാണ് സൺറൈസേഴ്സ് ലീഡ്‌സ് ആയി മാറിയത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൽ നിന്ന് 49 ശതമാനം ഓഹരികളും യോർക്ക്ഷെയറിൽ നിന്ന് 51 ശതമാനം ഓഹരികളും വാങ്ങിയാണ് സൺ നെറ്റ്‌വർക്ക് ടീമിനെ സ്വന്തമാക്കിയത്.

ബ്യൂട്ടി വിത്തൗട്ട് ബ്രെയിന്‍സ്’ എന്നാണ് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ കാവ്യയുടെ ചിത്രം സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനെ പരിഹസിച്ച പാക് താരത്തെ സ്വന്തം ടീമിലെടുത്തത്തിലൂടെ എന്ത് സന്ദേശമാണ് കാവ്യ രാജ്യത്തിന് നല്‍കുന്നതെന്നാണ് മറ്റു ചിലരുടെ ചോദ്യം. ഏഷ്യാകപ്പ് ടൂര്‍ണമെന്‍റിനിടെയാണ് അബ്രാര്‍ ഇന്ത്യന്‍ സൈന്യത്തെ അപഹസിക്കുന്നതിന് സമാനമായ അംഗവിക്ഷേപങ്ങള്‍ ഗ്രൗണ്ടില്‍ നിന്നും കാണിച്ചത്.