ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടി അന്വേഷണം മികച്ച രീതിയിലെന്ന് ഹൈക്കോടതി. കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസ് അന്വേഷിക്കുന്നത് രാജ്യത്തെയും സംസ്ഥാനത്തെയും ഏറ്റവും മികച്ച പൊലീസ് ഉദ്യോഗസ്ഥരാണ്. ഈ ഘട്ടത്തില്‍ അന്വേഷണത്തില്‍ ഇടപെടാനില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും വിവിധ ഹിന്ദു സംഘടനകളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ല. എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദമുണ്ട്. കേസിലെ പ്രധാന പ്രതികള്‍ ഇപ്പോഴും പുറത്താണ്. ഈ സാഹചര്യത്തില്‍ നിഷ്പക്ഷ അന്വേഷണത്തിനായി കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
കേസിലെ ഏതെങ്കിലും പ്രതികള്‍ക്ക് ജാമ്യം കൊടുത്തുകൊണ്ട് വിചാരണക്കോടതി എന്തെങ്കിലും പരാമര്‍ശം നടത്തിയതൊന്നും ഹൈക്കോടതി കാര്യമാക്കുന്നില്ലെന്നും നിരീക്ഷിച്ചു. അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് അഭിപ്രായപ്പെട്ട കോടതി, എസ്‌ഐടിയുടെ അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തി. ഹര്‍ജി ഒരാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.



