വയനാട് തുരങ്ക പാത നിര്‍മാണ വിഷയത്തിൽ സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ. കേസിൽ സർക്കാർ സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തു. കേന്ദ്രം നൽകിയ പരിസ്ഥിതി അനുമതി സ്റ്റേ ചെയ്യുന്നതിനെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ എതിർക്കും. നിർമ്മാണ നടപടികൾ തടയരുതെന്നും നിർമ്മാണ നടപടികളുമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്നും സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെടും. കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഇതിലാണ് സംസ്ഥാന സർക്കാരിന്റെ തടസ്സ ഹർജി.
ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചത്. മന്ത്രി മുഹമ്മദ് റിയാസും ചടങ്ങിൽ പങ്കെടുത്തു. 2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചത്. തുടർന്ന് അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളായ താല്‍ക്കാലിക പാലം, ക്രഷര്‍ യൂണിറ്റ്, ഫ്യൂവല്‍ ടാങ്ക്, തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവയെല്ലാം പൂര്‍ത്തിയാക്കിയാണ് പദ്ധതിയുടെ പ്രധാന ഘട്ടങ്ങളിലൊന്നായ ബ്ലാസ്റ്റിങ് ആരംഭിച്ചത്. ബ്ലാസ്റ്റിങ്ങിന്റെ അപകട സാധ്യത മുൻനിർത്തിക്കൊണ്ട് വലിയ സുരക്ഷയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് തുരങ്കപാത. 8.73 കിലോമീറ്റർ നീളം വരുന്ന ഈ പദ്ധതിയുടെ നിർമാണം കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പൂർത്തിയാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനും നിര്‍വഹണത്തിനുമുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ കൊങ്കണ്‍ റെയില്‍വേ കോര്പ്പറേഷന് ലിമിറ്റഡാണ്. നാല് വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2134.5 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കുന്നത്. ഏത് കാലാവസ്ഥയിലും സുഗമമായി സഞ്ചരിക്കാൻ കഴിയുമെന്നാണ് പാതയുടെ സവിശേഷത. താമരശ്ശേരി ചുരത്തിന് ബദലായാണ് കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന നാലുവരി തുരങ്കപാത ഒരുങ്ങുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നത്തോടെ ആനക്കാംപൊയിലിൽ നിന്നും 22 കിലോമീറ്റർകൊണ്ട് മേപ്പാടിയിലെത്താനാകും.



