രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് ബോംബെ ഹൈക്കോടതി നോട്ടീസ് അയച്ചു. നാഗ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കോൺഫിഡൻസ് പെട്രോളിയം ഇന്ത്യ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി സിലിണ്ടർ വിതരണം കാര്യക്ഷമമാക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നും കാണിച്ച് ആറ് എൽപിജി വിതരണക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. ഗാർഹിക സിലിണ്ടറുകളുടെ വിതരണം വേഗത്തിലാക്കാൻ ഈ സ്വകാര്യ കമ്പനിക്ക് നിർദ്ദേശം നൽകണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. വിതരണം വർധിപ്പിക്കാൻ ചില കമ്പനികൾ തയ്യാറാകുന്നില്ലെന്നും ഹർജിക്കാർ കോടതിയിൽ വ്യക്തമാക്കി.
എൽപിജി ക്ഷാമം രൂക്ഷമായതോടെ വിവിധ സംസ്ഥാനങ്ങൾ നടപടികൾ ശക്തമാക്കി. മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നു. ദില്ലിയിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ കേന്ദ്ര സർക്കാരും നടപടികൾ ആരംഭിച്ചു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്.
ഉത്തർപ്രദേശിൽ അനധികൃതമായി സൂക്ഷിച്ച 200-ൽ അധികം സിലിണ്ടറുകൾ പിടികൂടി. മധ്യപ്രദേശിൽ കടത്താൻ ശ്രമിച്ച 38 സിലിണ്ടറുകളും പിടിച്ചെടുത്തിട്ടുണ്ട്. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾ ബുക്ക് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും ലഭിക്കുന്നില്ലെന്ന പരാതി പല സംസ്ഥാനങ്ങളിലും വ്യാപകമാണ്.
സിലിണ്ടറുകൾ ലഭിക്കാതായതോടെ കേരളത്തിലും പ്രതിസന്ധി രൂക്ഷമാണ്. കൊച്ചിയിലടക്കം നിരവധി ഹോട്ടലുകളും തട്ടുകടകളും പൂർണ്ണമായും പ്രതിസന്ധിയിലാവുകയും അടച്ചുപൂട്ടുകയും ചെയ്തു. പല ഹോട്ടലുകളും വിറകടുപ്പുകളിലെ പാചകത്തിലേക്ക് മാറിയിരിക്കുകയാണ്.
ബംഗ്ളൂരിൽ കരിഞ്ചന്തയിൽ ഒരു സിലിണ്ടറിന്റെ വില 5000 രൂപയിലേക്ക് ഉയർന്നതോടെ മിക്ക ഹോട്ടലുകളും വിറകടുപ്പുകളെയാണ് ആശ്രയിക്കുന്നത്. ബംഗ്ളൂരിൽ മധുരമില്ലാത്ത ചായയും കോഫിയും ചില കടകൾ ഒഴിവാക്കി. ആയിരക്കണക്കിന് പേയിങ് ഗസ്റ്റ് സ്ഥാപനങ്ങളിൽ ഭക്ഷണ നിയന്ത്രണം ഏർപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.



