നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലയിൽ കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന ഭീകരാക്രമണങ്ങളിൽ 65 സൈനികർ കൊല്ലപ്പെട്ടു. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് (ISWAP) നാല് സൈനിക ക്യാമ്പുകൾ ആക്രമിച്ചു കീഴടക്കി. ആധുനിക ആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ചാണ് ഭീകരർ ആക്രമണങ്ങൾ നടത്തിയത്.
സൈനികരെ വധിച്ചതിന് പുറമെ സ്ത്രീകളും കുട്ടികളും അടക്കം മുന്നൂറോളം സാധാരണക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. നിലവിൽ ബോർണോ സംസ്ഥാനത്താണ് ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നത്. ഭീകരതയെ നേരിടാൻ നൈജീരിയൻ സൈന്യത്തെ സഹായിക്കാൻ അമേരിക്കൻ സൈനികരും സ്ഥലത്ത് എത്തിയിട്ടുണ്ട്.
രാജ്യം വലിയൊരു പ്രതിസന്ധി നേരിടുമ്പോൾ സർക്കാർ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്ന് ജനങ്ങൾക്കിടയിൽ പ്രതിഷേധമുണ്ട്. രണ്ട് പതിറ്റാണ്ടായി തുടരുന്ന ഈ ആഭ്യന്തര കലാപം കാരണം ഇതിനകം 20 ലക്ഷത്തിലധികം ആളുകൾക്ക് വീട് നഷ്ടമായി. മരിച്ച സൈനികരുടെ സംസ്കാര ചടങ്ങുകൾ വലിയ ദുഃഖത്തോടെയാണ് രാജ്യത്ത് നടന്നത്.



