സിപിഎം മുതിർന്ന നേതാവ് ജി. സുധാകരനെതിരെ ആലപ്പുഴയിൽ പാർട്ടി പ്രവർത്തകരുടെ പരസ്യ പ്രതിഷേധം. അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസിന്റെ മതിലുകളിൽ ‘വർഗ്ഗവഞ്ചകന് മാപ്പില്ല’, ‘വോട്ടില്ല’ തുടങ്ങിയ പ്രകോപനപരമായ വാചകങ്ങളടങ്ങിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. രക്തസാക്ഷികൾക്ക് സിന്ദാബാദ് വിളികളുമായാണ് ഒരു വിഭാഗം പ്രവർത്തകർ ഏരിയ കമ്മിറ്റി ഓഫീസിന് മുൻപിൽ പോസ്റ്ററുകൾ പതിപ്പിച്ചത്. പാർട്ടിയിലെ വിഭാഗീയത വീണ്ടും മറനീക്കി പുറത്തുവരുന്ന കാഴ്ചയാണിവിടെ.
സുധാകരനെതിരെ കടുത്ത വിമർശനവുമായി അമ്പലപ്പുഴ ഏരിയ കമ്മിറ്റി സെക്രട്ടറി ശ്യാംജി തന്നെ നേരിട്ട് രംഗത്തെത്തി. സുധാകരനെ ‘പൊളിറ്റിക്കൽ ഫോക്സ്’ (രാഷ്ട്രീയ കുറുക്കൻ) എന്ന് വിശേഷിപ്പിച്ച അദ്ദേഹം, പാർട്ടി പ്രവർത്തകരെ സുധാകരൻ ‘പൊളിറ്റിക്കൽ ക്രിമിനലുകൾ’ എന്ന് വിളിച്ചത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ഏഴ് തവണ നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകിയിട്ടും എട്ടാം തവണ ലഭിക്കാത്തതിലുള്ള വിരോധമാണ് പാർട്ടിയെ ദ്രോഹിക്കുന്ന നിലപാടുകൾക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.
സുധാകരനെതിരെയുള്ള നീക്കം വരും ദിവസങ്ങളിൽ ശക്തമാക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. നാളെ മുതൽ വിവിധ ഇടങ്ങളിൽ വിശദീകരണ യോഗങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. വി.എസ്. അച്യുതാനന്ദനോ കെ.ആർ. ഗൗരിയമ്മയ്ക്കോ ലഭിക്കാത്ത പരിഗണനയാണ് പാർട്ടി സുധാകരന് നൽകിയതെന്നും, എന്നിട്ടും പാർട്ടിയെ വഞ്ചിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റേതെന്നും ഏരിയ സെക്രട്ടറി കുറ്റപ്പെടുത്തി. ആലപ്പുഴയിലെ സി.പി.എമ്മിൽ വലിയ രാഷ്ട്രീയ ചലനങ്ങൾക്കാണ് ഈ പോസ്റ്റർ പ്രതിഷേധം തുടക്കമിട്ടിരിക്കുന്നത്.



