തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സഹകരണ സ്ഥാപനങ്ങളായ കേരഫെഡിന്റെയും മിൽമയുടെയും ഉൽപന്നങ്ങളുടെ വിദേശ വ്യാപാരക്കരാർ വിജ്ഞാപനമോ താൽപര്യപത്രമോ അടക്കം മത്സരപ്രക്രിയകളൊന്നുമില്ലാതെ മന്ത്രിപത്നിയുടെ കമ്പനിക്കു നൽകി. മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ സിഇഒയായ മിഡ്നൈറ്റ് സൺ ഗ്ലോബൽ എന്ന കമ്പനിക്കാണ് വഴിവിട്ട കരാർ. കേരഫെഡ് വെളിച്ചെണ്ണ ദുബായിലും മിൽമയുടെ ഉൽപന്നങ്ങൾ ന്യൂസീലൻഡിലും ഓസ്ട്രേലിയയിലും വിൽക്കുന്നതിനാണിത്.
മൊത്തവ്യാപാര ഏജന്റിന് വെളിച്ചെണ്ണ വിൽക്കുന്നതിന് കരാർ വിളിക്കേണ്ടതില്ലെന്നാണ് കേരഫെഡിന്റെ വിശദീകരണം. എന്നാൽ, മറ്റാരുമായും വിദേശത്ത് ഉൽപന്നങ്ങൾ വിൽക്കുന്നതിന് കേരഫെഡ് ഇത്തരത്തിൽ കരാർ ഉണ്ടാക്കിയിട്ടില്ല. മത്സരപ്രക്രിയയില്ലാതെ ഒരു കമ്പനിക്ക് ഇങ്ങനെ കരാർ നൽകുന്നത് ക്രമവിരുദ്ധമാണെന്നു ബന്ധപ്പെട്ട വകുപ്പുകളിൽ വിമർശനമുയർന്നിരുന്നു. മന്ത്രിയുടെ കുടുംബാംഗം നടത്തുന്ന കമ്പനിയുമായി കരാർ ഉണ്ടാക്കിയതിലെ അനൗചിത്യത്തെക്കുറിച്ചും വിശദീകരണമില്ല.
2025 ജനുവരി–മാർച്ച് മാസങ്ങളിൽ ആറും നവംബറിൽ ഇരുപതും ടൺ വെളിച്ചെണ്ണയാണ് ഇൗ ഇടപാടിൽ കയറ്റി അയച്ചത്. ഗണേഷ്കുമാറിന്റെ കുടപ്പനക്കുന്നിലെ വീടായ സിന്ദഗി, കെആർഎ,144–(എ) എന്ന വിലാസത്തിലാണ് മിഡ്നൈറ്റ് സൺ ഗ്ലോബൽ കമ്പനി റജിസ്റ്റർ ചെയ്തിരിക്കുന്നത്.



