സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി വിപണിയിൽ ദൃശ്യമായ വൻ കുതിപ്പിന് പിന്നാലെയാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയത്. രണ്ട് ദിവസത്തിനിടെ 1240 രൂപ വരെ വർദ്ധിച്ച വിപണിയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇടിവ് തുടങ്ങിയിരുന്നു.
ഇന്നലെ വൈകീട്ടോടെ 440 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്നത്തെ പുതിയ വിലമാറ്റം വന്നിരിക്കുന്നത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,18,960 രൂപയിലെത്തി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം വഷളാകുന്നതും ആഗോള വിപണിയിലെ അനിശ്ചിതത്വവുമാണ് സ്വർണ്ണവില ഉയരാൻ പ്രധാന കാരണമായത്. മാർച്ച് ഒന്നിന് പവൻ വില 1.26 ലക്ഷം കടന്ന് റെക്കോർഡ് ഇട്ടതിന് ശേഷം വിപണിയിൽ പ്രകടമായ തിരുത്തലുകൾക്ക് പിന്നാലെയാണ് ഈ പുതിയ മാറ്റങ്ങൾ ദൃശ്യമാകുന്നത്. വരും ദിവസങ്ങളിൽ യുദ്ധസാഹചര്യങ്ങൾക്കനുസരിച്ച് വിലയിൽ വീണ്ടും മാറ്റങ്ങൾ വരാം.



