ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെയുള്ള 16 പ്രധാന വ്യാപാര പങ്കാളികൾക്കെതിരെ അമേരിക്ക പുതിയ വ്യാപാര അന്വേഷണം ആരംഭിച്ചു. രാജ്യത്തെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടിയേറ്റതിന് പിന്നാലെയാണ് ഭരണകൂടം ഈ ബദൽ മാർഗ്ഗം സ്വീകരിച്ചിരിക്കുന്നത്.

1974-ലെ ട്രേഡ് ആക്ടിന്റെ സെക്ഷൻ 301 പ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് യുഎസ് ട്രേഡ് പ്രതിനിധി ജാമീസൺ ഗ്രീർ അറിയിച്ചു. ഇന്ത്യയെ കൂടാതെ ചൈന, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളും ഇതിന്റെ പരിധിയിൽ വരും.

തായ്‌വാൻ, വിയറ്റ്‌നാം, തായ്‌ലൻഡ്, മലേഷ്യ, കംബോഡിയ, സിംഗപ്പൂർ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, സ്വിറ്റ്‌സർലൻഡ്, നോർവേ എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്.