ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്നുള്ള വാർത്തകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ നിറയെ. ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. നെതന്യാഹു കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ് നിരവധി വീഡിയോകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. അതിനോടൊപ്പം തന്നെ ഇറ്റാമർ ബെൻ-ഗ്വീറിലെ ദേശീയ സുരക്ഷാ മന്ത്രിയും നെതന്യാഹുവിൻ്റെ സഹോദരനുമായ ഇദ്ദോ നെതന്യാഹുവും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന പ്രചാരണങ്ങളും നടക്കുന്നുണ്ട്.
“ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന് പറയുന്നു, ഇത് സത്യമാണോ?” എന്ന് ചോദിച്ചുകൊണ്ട് തകർന്ന് വീഴുന്ന മിസൈലുകളുടെ വീഡിയോ പലരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. ഇസ്രായേലിനുള്ളിൽ വലിയ സംഭവങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ മാധ്യമ സെൻസർഷിപ്പ് കാരണം വാർത്തകൾ പുറത്തുവരുന്നില്ലെന്നും ചിലർ ആരോപിക്കുന്നുണ്ട്.
ഇറാൻ മാധ്യമങ്ങളുടെ വാദം
ബെഞ്ചമിൻ നെതന്യാഹുവിന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇറാൻ അനുകൂല മാധ്യമങ്ങളിൽ നിന്നാണ് ഉണ്ടായത്. തസ്നിം ന്യൂസ് ഏജൻസി പോലുള്ള മാധ്യമങ്ങൾ, നെതന്യാഹു കുറച്ചുദിവസമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തത് ചൂണ്ടിക്കാട്ടി, നെതന്യാഹു കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തിരിക്കാമെന്ന് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മൂന്ന് ദിവസമായി നെതന്യാഹുവിന്റെ വീഡിയോകളൊന്നും പുറത്തുവന്നിട്ടില്ലെന്നും നാല് ദിവസമായി പുതിയ ചിത്രങ്ങളൊന്നും വന്നിട്ടില്ലെന്നും തസ്നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
നേരത്തെ എല്ലാ ദിവസവും ഒന്നിലധികം വീഡിയോകൾ അദ്ദേഹം പുറത്തുവിട്ടിരുന്നു. എന്നാള്‍ ഇപ്പോൾ പ്രസ്താവനകൾ മാത്രമാണ് വരുന്നത്. നെതന്യാഹുവിന്റെ വീടിന് ചുറ്റും സുരക്ഷ വർദ്ധിപ്പിച്ചതും നേരത്തെ നിശ്ചയിച്ചിരുന്ന ചില അന്താരാഷ്ട്ര പ്രതിനിധികളുടെ സന്ദർശനം റദ്ദാക്കിയതും സംശയങ്ങൾ വർദ്ധിപ്പിക്കുകയായിരുന്നു.
നിഷേധിച്ച് ഇസ്രയേൽ
ഇസ്രായേൽ ഉദ്യോഗസ്ഥരും വാർത്താ ഏജൻസികളും പ്രചരിക്കുന്ന വാർത്തകള്‍ നിഷേധിച്ചിട്ടുണ്ട്. വെറും വ്യാജവാർത്തയാണെന്ന് ഇസ്രയേൽ ഔദ്യോഗികമായി അറിയിച്ചു. ബെയ്ത്ത് ഷെമേഷിൽ മിസൈൽ ആക്രമണം നടന്ന സ്ഥലം അദ്ദേഹം സന്ദർശിക്കുകയും പൊതുജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തുവെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തതായാണ് വിവരങ്ങൾ.



