അമേരിക്കയിൽ കോവിഡ് mRNA വാക്സിനുകളുടെ ശുപാർശ പിൻവലിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര വാക്സിൻ ഉപദേശക സമിതി പിന്മാറി. ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് (HHS) സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറിന്റെ നേതൃത്വത്തിലുള്ള ചില ഉപദേശകർ ഈ വാക്സിനുകൾ നിരോധിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ആ പദ്ധതി ഉപേക്ഷിച്ചതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

വാക്സിനുകൾക്കെതിരെയുള്ള കർശനമായ നിലപാടുകൾക്ക് പേരുകേട്ട വ്യക്തിയാണ് റോബർട്ട് എഫ്. കെന്നഡി ജൂനിയർ. കോവിഡ്, ഫ്ലൂ തുടങ്ങിയ ശ്വാസകോശ രോഗങ്ങളെ തടയുന്നതിൽ mRNA വാക്സിനുകൾ പരാജയമാണെന്ന് അദ്ദേഹം മുൻപ് വാദിച്ചിരുന്നു. ഇതിനെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ mRNA വാക്സിൻ വികസന പ്രവർത്തനങ്ങൾ നിർത്താൻ എച്ച്.എച്ച്.എസ് തീരുമാനിച്ചിരുന്നു. എന്നാൽ ശാസ്ത്രീയ തെളിവുകൾക്ക് നിരക്കാത്ത ഇത്തരം വാദങ്ങൾക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

അടുത്ത ആഴ്ച ചേരുന്ന സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) ഉപദേശക സമിതി യോഗത്തിൽ അമേരിക്കക്കാർ ഏതൊക്കെ വാക്സിനുകൾ സ്വീകരിക്കണം എന്നത് സംബന്ധിച്ച് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കും. ഫൈസർ-ബയോഎൻടെക്, മോഡേണ എന്നിവർ നിർമ്മിക്കുന്ന mRNA വാക്സിനുകൾ ശരീരത്തിൽ വൈറസിനെ നേരിടാൻ ആവശ്യമായ പ്രോട്ടീനുകൾ നിർമ്മിക്കാനുള്ള നിർദ്ദേശങ്ങൾ നൽകി പ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

mRNA വാക്സിനുകൾ ഫലപ്രദമല്ലെന്ന കെന്നഡി ജൂനിയറിന്റെ വാദങ്ങളെ മെഡിക്കൽ ലോകം നേരത്തെ തള്ളിയിരുന്നു. ഈ വാക്സിനുകൾ ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചതാണെന്ന് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു. നിലവിലെ പിന്മാറ്റത്തോടെ, അമേരിക്കയിലെ വാക്സിൻ നയങ്ങളിൽ വലിയ മാറ്റങ്ങൾ പെട്ടെന്നുണ്ടാകില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.