പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് (ISI) വേണ്ടി ചാരവൃത്തി നടത്തുകയും ഇന്ത്യൻ നാവികസേനയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്ത ലാൻസ് നായിക്കിനെ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് (ATS) അറസ്റ്റ് ചെയ്തു. ആഗ്ര സ്വദേശിയായ ആദർശ് കുമാർ (24) ആണ് പിടിയിലായത്. കൊച്ചിയിലെ സതേൺ നേവൽ കമാൻഡിൽ ഉദ്യോഗസ്ഥനായിരുന്ന ഇയാൾ ‘ലക്കി’ എന്ന പേരിലാണ് ചാരശൃംഖലയിൽ അറിയപ്പെട്ടിരുന്നത്.

ഇന്ത്യൻ നാവികസേനയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളിൽ ആദർശ് കുമാർ ഏർപ്പെട്ടിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെത്തുടർന്നാണ് എടിഎസ് ഇയാളെ നിരീക്ഷണത്തിലാക്കിയത്. ഐഎസ്ഐ ഏജന്റുമാരുമായി നിരന്തരം ആശയവിനിമയം നടത്തിയ ഇയാൾ, നിർണ്ണായകമായ നാവിക യുദ്ധക്കപ്പലുകളുടെ ഫോട്ടോഗ്രാഫുകളും മറ്റ് വിവരങ്ങളും കൈമാറിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള അതീവ രഹസ്യ വിവരങ്ങളാണ് ഇയാൾ ചോർത്തി നൽകിയതെന്ന് മുതിർന്ന എടിഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഐഎസ്ഐ ഏജന്റുമാരിൽ നിന്ന് ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എത്ര കാലമായി ഇയാൾ ഈ ചാരശൃംഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ടെന്നും, സേനയിലെ മറ്റാരെങ്കിലും ഇയാൾക്ക് സഹായം നൽകിയിട്ടുണ്ടോ എന്നും കണ്ടെത്താൻ എടിഎസ് വിശദമായ അന്വേഷണം തുടരുകയാണ്. രാജ്യസുരക്ഷയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന വിവരങ്ങളാണോ ഇയാൾ പങ്കിട്ടതെന്ന കാര്യവും ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്.