പെരിങ്ങോം: വധശ്രമക്കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകനെ പോലീസിനെ ആക്രമിച്ച് മോചിപ്പിക്കാൻ ശ്രമം. 15 സിപിഎം പ്രവർത്തകർക്കെതിരേ കേസെടുത്തു. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രി 11.45 ഓടെ പെരിങ്ങോം പോലീസ് സ്റ്റേഷനിലാണ് സംഭവം. യൂത്ത് ലീഗ് നേതാവായ ഷജീര്‍ ഇക്ബാലിനെ സംഘം ചേര്‍ന്ന് ഇരുമ്പുവടിയും ഹെല്‍മറ്റുംകൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ 32 പേർക്കെതിരേ വധശ്രമത്തിന് പെരിങ്ങോം പോലീസ് കേസെടുത്തിരുന്നു. പ്രതികളെ പിടികൂടാത്തതിനെതിരെ ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധവും കഴിഞ്ഞ ദിവസമുണ്ടായിരുന്നു.
ഈ അക്രമ സംഭവത്തിലെ പ്രതിയായ സിപിഎം പ്രവർത്തകനായ കൊഴുമ്മലിലെ സി.വി. വിഷ്ണുപ്രസാദ് വീട്ടിലുണ്ടെന്ന രഹസ്യവിവരത്തെതുടര്ന്നെത്തിയ പോലീസ് സംഘം ചൊവ്വാഴ്ച രാത്രി പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു.സ്റ്റേഷനില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനിടയിലാണ് പതിനഞ്ചോളം സിപിഎം പ്രവര്‍ത്തകരെത്തി അറസ്റ്റ് നടപടികള്‍ തടഞ്ഞത്.
സ്റ്റേഷനിലുള്ള പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയായ വിഷ്ണുപ്രസാദ് പോലീസ് ഇന്‍സ്പെക്ടറെ ആക്രമിക്കുവാനും ശ്രമിച്ചു. പെരിങ്ങോം സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി.കെ. മുകുന്ദന്റെ ടീഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് കൈയേറ്റം ചെയ്തതിനെ തുടര്‍ന്ന് ഇദ്ദേഹം ചെറുപുഴയിലെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
ഇവരോട് പിരിഞ്ഞുപോകാന്‍ പറഞ്ഞിട്ടും കൂട്ടാക്കാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരെ തടഞ്ഞുവെച്ച് ചീത്തവിളിക്കുകയും കാണിച്ചുതരാമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പോലീസ് സ്റ്റേഷനില അതിക്രമിച്ച് കയറി പോലീസുദ്യോഗസ്ഥരെ തടഞ്ഞുവെച്ച് കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെതിരെ പെരിങ്ങോം പോലീസ് സിപിഎം പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെ കേസെടുത്തു. പെരിങ്ങോം സ്വദേശികളായ സിദ്ധിന്, നിധിന്, രാധാകൃഷ്ണന്, മനീഷ്, സി.വി. വിഷ്ണുപ്രസാദ് തുടങ്ങി കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരേയാണ് കേസെടുത്തത്.



