തിരുവനന്തപുരം: ഇന്നലെ രാവിലെ 10 മണിക്കു ചേരുന്ന മന്ത്രിസഭായോഗത്തിനു മുമ്പായി ഭാര്യ ബിന്ദുമേനോനുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഒത്തുതീർപ്പാക്കിയിരിക്കണമെന്നു മന്ത്രി കെ.ബി. ഗണേഷ്കുമാറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അന്ത്യശാസനത്തോടെയാണ് കാര്യങ്ങൾ അതിവേഗം ഒത്തുതീർപ്പിലേക്കു നീങ്ങിയത്.
ഗണേഷ്കുമാറിനെതിരേ ഉയർന്ന സ്ത്രീവിഷയവുമായി ബന്ധപ്പെട്ട പരാതികൾ മുഖ്യമന്ത്രിയുടെ മകളോട് ഉൾപ്പെടെ പറഞ്ഞിട്ടുണ്ടെന്നു ബിന്ദുമേനോൻ മാധ്യമങ്ങളോടു വിശദീകരിച്ചതിനു പിന്നാലെയായിരുന്നു ഗണേഷ് കുമാറിനു മുഖ്യമന്ത്രിയുടെ അന്ത്യശാസനം.
ഇതോടെയാണ് തിങ്കളാഴ്ച രാത്രിതന്നെ പ്രശ്നങ്ങൾ പറഞ്ഞ് അവസാനിപ്പിക്കാൻ ഇടനിലക്കാർ സജീവമായത്. അടുത്തിടെ സർക്കാരുമായി ബന്ധപ്പെട്ട സുപ്രധാന പദവി ലഭിച്ച കേരള കോണ്ഗ്രസ്-ബി സംസ്ഥാന ഭാരവാഹി ബിന്ദുമേനോന്റെ ബന്ധുക്കളുമായി സംസാരിച്ചു. സഹോദരി ഉൾപ്പെടെയുള്ളവരുമായി സംസാരിച്ചാണ് ഒത്തുതീർപ്പ് ഫോർമൂല രൂപീകരിക്കുന്നത്. തുടർന്ന് മന്ത്രി ഗണേഷ്കുമാറും ഇവരുമായി സംസാരിച്ചു. തനിക്കു പറ്റിയ തെറ്റുകൾ ഗണേഷ് കുമാർ ഏറ്റുപറഞ്ഞു.
ഇടനിലക്കാരുടെ നിരന്തരമായ ഇടപെടലിന് ഒടുവിൽ രൂപംകൊണ്ട ഒത്തുതീർപ്പ് ഫോർമുലകളുടെ ഭാഗമായി ഇന്നലെ രാവിലെ ബിന്ദു മേനോനുമായി കെ.ബി. ഗണേഷ്കുമാർ സംസാരിച്ചു. തുടർന്ന് പ്രശ്നങ്ങൾ ഒത്തുതീർപ്പിലായെന്നും എല്ലാം പറഞ്ഞ് അവസാനിപ്പിച്ചെന്നും അറിയിച്ച് ബിന്ദു മേനോൻ മാധ്യമങ്ങൾക്കു മുന്നിലെത്തി. ഗണേഷിനെ ഏറെ സ്നേഹിക്കുന്നെന്നും ബിന്ദുമേനോൻ പറഞ്ഞു.
ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ 10നു ചേർന്ന മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാൻ കെ.ബി. ഗണേഷ്കുമാർ പുറപ്പെടുന്നത്. ഇന്നലെ മന്ത്രിസഭായോഗം നേരിട്ടാണ് ചേർന്നത്. നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം നടക്കുന്നതിനു മുമ്പുള്ള മന്ത്രിസഭായോഗമെന്ന നിലയിലാണ് മന്ത്രിമാരെല്ലാം നേരിട്ടു പങ്കെടുക്കാൻ ആവശ്യപ്പെട്ടത്. മന്ത്രിസഭ തുടങ്ങിയ ശേഷമാണ് ഗണേഷ്കുമാർ എത്തിച്ചേർന്നത്.
നിയമപരമായി താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കുടുംബ പ്രശ്നങ്ങളാണ് നിലനിന്നിരുന്നതെന്നും ഇതെല്ലാം പറഞ്ഞ് അവസാനിപ്പിച്ചെന്നും ഇനി താനുമായി ബന്ധപ്പെട്ട ഒരു ആരോപണവും ഉണ്ടാകില്ലെന്നും കെ.ബി. ഗണേഷ്കുമാർ മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചു.
സിപിഐ മന്ത്രിമാർ അടക്കം ആരും ഒന്നും മിണ്ടാതിരുന്ന സാഹചര്യത്തിൽ കൂടുതൽ ചർച്ചയിലേക്ക് കടക്കും മുമ്പു മുഖ്യമന്ത്രി അടുത്ത അജൻഡയിലേക്ക് കടക്കുകയായിരുന്നു.
മന്ത്രിസഭായോഗത്തിനു ശേഷം കെ.ബി. ഗണേഷ് കുമാർ മുഖ്യമന്ത്രിയെ നേരിൽകണ്ട് തന്റെ ഭാഗം വിശദീകരിച്ചു. കുടുംബ പ്രശ്നങ്ങളായിരുന്നുവെന്നും എല്ലാം അവസാനിപ്പിച്ചുവെന്നുമായിരുന്നു വിശദീകരണമെന്നാണ് സൂചന.
ഇന്നലത്തെ മന്ത്രിസഭയിൽ എല്ലാ അജൻഡകളും പരിഗണിക്കാൻ കഴിയാതിരുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം വീണ്ടും മന്ത്രിസഭായോഗം ചേരാൻ തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്ലാ അജൻഡകളും വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭയിൽ തീർപ്പാക്കും.
ജാഗ്രതയോടെ സിപിഐ
തിരുവനന്തപുരം: ഭാര്യയുമായുള്ള കുടുംബപ്രശ്നം മന്ത്രി കെ.ബി. ഗണേഷ് കുമാർ പരിഹരിച്ചത് സർക്കാരിനു മാത്രമല്ല തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി നീങ്ങുന്ന ഇടതുമുന്നണിക്കും വലിയ ആശ്വാസമായി. സിപിഐ നേതൃത്വവും വിഷയത്തിൽ തികഞ്ഞ ജാഗ്രതയോടെയാണു നീങ്ങിയത്.
പരസ്യമായി മന്ത്രിയെ തള്ളിപ്പറയാനോ രാജി ആവശ്യപ്പെടാനോ സിപിഐ നേതാക്കൾ തയാറായില്ല.
മന്ത്രിയുടെ ഭാര്യയുടെ പിന്മാറ്റം ശരിക്കും ഇടതുപക്ഷത്തിനു വലിയ ആശ്വാസമാണു നൽകിയിരിക്കുന്നത്.



