തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യയും തമ്മിലുള്ള പ്രശ്നം മാപ്പ് പറഞ്ഞതു കൊണ്ടുമാത്രം തീരില്ലെന്ന് ആവർത്തിച്ച് കോൺഗ്രസ്. ഗണേഷ് മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്.
ഗണേഷിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധം നടത്താനൊരുങ്ങുകയുമാണ് യൂത്ത് കോൺഗ്രസ്. വിഷയത്തിൽ മുഖ്യമന്ത്രിക്കും പോലീസിനുമെതിരെയും വിമർശനം ശക്തമാക്കുകയാണ്. മന്ത്രിയുടെ ഭാര്യ പരാതി ഉന്നയിച്ചിട്ടും പോലീസ് അനങ്ങിയില്ലെന്നും ഒത്തുതീർപ്പിനായി കുറ്റകൃത്യം മറച്ചു വച്ചുവെന്നുമാണ് വിമർശനം.
അതേസമയം, ഗണേഷ് കുമാർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും മുൻ ഡിജിപി ആർ. ശ്രീലേഖക്കുമെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലാണ് പരാതി നൽകിയത്.
ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും മറച്ചുവച്ചെന്നാണ് പരാതിയിലെ ആരോപണം. കഴിഞ്ഞ ദിവസം ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രശ്നം മുഖ്യമന്ത്രിയുടെ മകളോടും ശ്രീലേഖയോടും സംസാരിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുവർക്കുമെതിരെ യൂത്ത് കോൺഗ്രസ് തിരിഞ്ഞത്.



