ഇറാനുമായി തുടരുന്ന യുദ്ധത്തിൽ ഇതുവരെ 140 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി പെന്റഗൺ വെളിപ്പെടുത്തി. യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്കൻ സൈന്യത്തിന് സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക കണക്കാണിത്.

പരിക്കേറ്റവരിൽ എട്ടുപേരുടെ നില അതീവ ഗുരുതരമാണെന്നും ബാക്കിയുള്ളവർ നിസ്സാര പരിക്കുകളോടെ ചികിത്സയിലാണെന്നും പെന്റഗൺ വക്താവ് സീൻ പാർനെൽ അറിയിച്ചു. പരിക്കേറ്റ 108 സൈനികർ ഇതിനോടകം തന്നെ തങ്ങളുടെ യൂണിറ്റുകളിലേക്ക് തിരിച്ചെത്തിയതായും അദ്ദേഹം വ്യക്തമാക്കി.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിലാണ് സൈനികർക്ക് പരിക്കേറ്റത്. യുദ്ധം തുടങ്ങിയതിന് ശേഷം ഇതുവരെ ഏഴ് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.