ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് രാജ്യം നേരിടുന്ന പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികളിലേക്ക്. ഇതിന്റെ ഭാഗമായി 1955-ലെ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് പ്രയോഗിച്ച് പ്രകൃതിവാതകത്തിന്റെയും എൽപിജിയുടെയും വിതരണത്തിൽ കേന്ദ്രം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
വീടുകളിലേക്കുള്ള പാചകവാതക വിതരണം തടസമില്ലാതെ നടക്കുന്നു എന്ന് ഉറപ്പാക്കാൻ എണ്ണ ശുദ്ധീകരണ ശാലകളോടും പെട്രോകെമിക്കൽ യൂണിറ്റുകളോടും എൽപിജി ഉത്പാദനം പരമാവധി വർധിപ്പിക്കാൻ സർക്കാർ നിർദേശിച്ചു. ഹൈഡ്രോകാർബൺ സ്ട്രീമുകൾ പെട്രോകെമിക്കൽ ഉത്പന്നങ്ങൾക്കായി ഉപയോഗിക്കാതെ പൂർണമായും എൽപിജി നിർമ്മാണത്തിനായി മാറ്റിവയ്ക്കാനും ഉത്തരവുണ്ട്.
ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവെയ്പ്പ് തടയാനായി സിലിണ്ടർ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 21 ദിവസത്തിൽ നിന്നും 25 ദിവസമായി ഉയർത്തി. ഗ്യാസ് ബുക്കിംഗിലെ പരിഭ്രാന്തി (പാനിക് ബുക്കിംഗ്) തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.



