തിരുവനന്തപുരം: ഭാര്യ ഉന്നയിച്ച വിവാദ ആരോപണങ്ങളില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ രാജി വയ്ക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ചതിന് ശേഷമാണ് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലേക്ക് എത്തിയത്.

വിഷയം ഗണേഷ് കുമാർ മുഖ്യമന്ത്രിക്ക് മുന്നിൽ വിശദീകരിച്ചുവെന്നാണ് വിവരം. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. വിഷയം രാഷ്ട്രീയമല്ല, കുടുംബപ്രശ്‌നമാണെന്നും ഭാര്യക്ക് പരാതിയില്ലെന്നും ഗണേഷ് കുമാർ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

അതേസമയം ആരോപണവുമായി ബന്ധപ്പെട്ട വിവാദം ഒത്തുതീർപ്പിലേക്ക് എത്തിയിരുന്നു. ഗണേഷ് കുമാർ തന്നെ വിളിച്ച് മാപ്പ് പറഞ്ഞതായും സംഭവത്തിൽ താൻ പോലീസിൽ പരാതിനൽകിയിട്ടില്ലെന്നും മാപ്പ് പറഞ്ഞ സ്ഥിതിക്ക് ഇനി മറ്റു ചർച്ചകളുടെ ആവശ്യമില്ലെന്നുമായിരുന്നു ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചത്.