വിമാനത്തിനുള്ളിൽ നിയമങ്ങൾ ലംഘിച്ച് ബീഡി വലിച്ച യാത്രക്കാരനെതിരെ പോലീസ് കേസെടുത്തു. ആകാശ എയറിന്റെ ഡൽഹി – ഗോവ (QP 1625) വിമാനത്തിലാണ് സഹയാത്രക്കാരെയും ജീവനക്കാരെയും മുൾമുനയിൽ നിർത്തിയ സംഭവം നടന്നത്. വിമാനത്തിലെ ശുചിമുറിയിൽ കയറി ബീഡി വലിച്ച ആശിഷിനെതിരെയാണ് ഗോവയിലെ മോപ വിമാനത്താവള പോലീസ് കേസെടുത്തത്. 

വിമാനക്കമ്പനി നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുന്ന രീതിയിൽ ലൈറ്റർ കൈവശം വെച്ചതായും വിമാനത്തിനുള്ളിൽ പുകവലിച്ചതായും പോലീസ് അറിയിച്ചു. വിമാനത്താവളങ്ങളിലെ കർശനമായ സുരക്ഷാ പരിശോധനകൾ വെട്ടിച്ച് ഇയാൾ എങ്ങനെയാണ് ലൈറ്റർ വിമാനത്തിനുള്ളിലേക്ക് എത്തിച്ചത് എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും ജീവന് അപകടമുണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തിയായതിനാൽ സിവിൽ ഏവിയേഷൻ സുരക്ഷാ ലംഘനത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരമാണ് ആശിഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിമാനം ഗോവയിലെ മോപ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തന്നെ ഇയാളെ വിമാനക്കമ്പനി ജീവനക്കാർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഗോവ പോലീസ് വ്യക്തമാക്കി.