പാലക്കാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തന്നോട് മത്സരിക്കാൻ പറഞ്ഞത് പാർട്ടിയാണെന്നും ഇനിയും പാർട്ടി പറഞ്ഞാൽ മാത്രമെ മത്സരിക്കുവെന്നും രാഹുൽ വ്യക്തമാക്കി.
“പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്താൻ പറ്റില്ല. കാരണം ഞാൻ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ്. ഞാൻ എന്തായാലും സ്വതന്ത്രനായി മത്സരിക്കില്ല.’-രാഹുൽ പറഞ്ഞു.
ഒരിടവേളയ്ക്ക് ശേഷം പാലക്കാട് മണ്ഡലത്തിൽ സജീവമാവുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിക്കുന്നതിനാണ് ഇന്ന് മണ്ഡലത്തിലെത്തിയത്.
മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് എംഎൽഎ മണ്ഡലത്തിലെത്തുന്നത്. ജനുവരി 11 നായിരുന്നു പ്രത്യേക അന്വേഷണ സംഘം രാഹുലിനെ അറസ്റ്റ് ചെയ്തത്.
അതേസമയം, ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പടെ ഉൾപ്പടെ പത്തോളം പേരെ പീഡനത്തിന് ഇരയാക്കിയെന്ന പരാതി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിൽ ഉണ്ടെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരി ആരോപിക്കുന്നു.



